വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടു വരെ ഏതു സ്ഥാനാർത്ഥിക്കും താൻ ജയിക്കുമെന്നു പറയാം. ഏതു മുന്നണിക്കും തങ്ങൾ അധികാരത്തിൽ വരുമെന്നും വീമ്പിളക്കാം.
മഴ പെയ്തിട്ടും മരം പെയ്തെന്നു പറയുന്നതു പോലെ ജയത്തെ ചൊല്ലിയുള്ള ചർച്ച മുറുകുകയാണ്. വോട്ടർമാർ തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്തുവെങ്കിലും ആർക്കൊക്കെ എന്നറിയാൻ മേയ് രണ്ടു വരെ കാത്തിരിക്കണം. അതുവരെ മുന്നണികൾക്ക് കണക്കുകൾ നിരത്തിയോ നിരത്താതയോ തങ്ങൾക്ക് കൂടുതൽ സീറ്റെന്ന് അവകാശപ്പെടാം. തോല്‌ക്കുമെന്നോ ഭരണം കിട്ടില്ലെന്നോ ആരും പറയുന്നില്ലെന്നു മാത്രം.
നേരത്തേ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ എക്സിറ്റ് പോൾ സർവേ ഏർപ്പാട് ഉണ്ടായിരുന്നു. ചിലതു തെറ്റും. ചിലതു ശരിയാകും. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ എക്സിറ്റിന് അനുമതിയില്ല. ഇവിടെ വോട്ടെടുപ്പിന് മുമ്പ് ഓരോ ചാനൽ വഹ സർവേ നടത്തിയിരുന്നു. ഇടതു മുന്നണിക്കായിരുന്നു എല്ലാവരും ഭൂരിപക്ഷം പ്രവചിച്ചത്. അതു കാരണം ആമേം മുയലും കഥപോലെ ഇടതു മുന്നണി പ്രവർത്തകർ അലസന്മാരായെന്നും യു.ഡി.എഫ് പ്രവർത്തകർ ജീവന്മരണ പോരാട്ടം നടത്തിയെന്നുമാണ് ഒരു പ്രചാരണം. വോട്ടെടുപ്പിന്റന്ന് രാവിലെ സുകുമാരൻ നായർക്ക് ഒരു വിളി തോന്നി വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് പറഞ്ഞത് വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതുകേട്ടാൽ തോന്നും രാവിലെ ടി.വി വാർത്ത നോക്കിയാണ് ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്ന് .!
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന ചില പത്രങ്ങൾ വായിച്ച് യു.ഡി.എഫ് അനുകൂല വാർത്തകൾ വിശ്വസിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ കേരളത്തിൽ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ലായിരുന്നുവെന്ന് പഴയകാല നേതാക്കൾ പറഞ്ഞതുപോലെ വോട്ടർമാരെ ഒരിക്കലും താഴ്ത്തികാണരുത്. അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ തോല്‌പിക്കാനും പിന്നീട് അധികാരത്തിൽ കയറ്റാനും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചവരാണ് വിവരദോഷികളെന്ന് നമ്മൾ പരിഹസിക്കാറുള്ള ഉത്തരേന്ത്യയിലെ ജനങ്ങൾ. മലയാളികൾ അന്നും അടിമ മനോഭാവത്തോടെ അടിയന്തരാവസ്ഥയെ പിന്തുണച്ച് വോട്ട് ചെയ്യുകയായിരുന്നു.
വോട്ടെടുപ്പിന് ശേഷം സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിഭാഗം നടത്തിയ സർവേയിൽ ഇടതു മുന്നണി അധികാരത്തിൽ വരുമെന്ന് വിലയിരുത്തുമ്പോൾ യു.ഡി.എഫ് വരുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് വഹ കണ്ടെത്തൽ .എന്തു മാനദണ്ഡം ഉപയോഗിച്ചാണിതെന്ന് ചോദിച്ചാൽ. കഥയിൽ ചോദ്യം പാടില്ലെന്നേ പറയാനുള്ളൂ. പെട്ടിപൊട്ടിക്കുന്നിടം വരെ കാത്തിരിക്കുകയേ മാർഗമുള്ളൂ, കിറ്റാണോ ക്ഷേമ പെൻഷനാണോ അതോ ശബരിമലയും ആഴക്കടലും കൊവിഡുമാണോ വോട്ടർമാരെ സ്വാധീനിച്ചതെന്ന് അപ്പോൾ അറിയാം.
കോട്ടയത്ത് ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ ഒഴിവാക്കി ഒമ്പതിൽ ഏഴു സീറ്റാണ് ഇടതു മുന്നണി അവകാശവാദം. യു.ഡി.എഫാകട്ടെ വൈക്കം ഒഴിവാക്കി. ഒമ്പതിൽ എട്ടു സീറ്റെന്നും ആണയിടുന്നു. സത്യത്തിൽ ഇരു മുന്നണിക്കും ഉറപ്പ് പറയാവുന്നത് രണ്ടു സീറ്റുകൾ വീതമാണ്. പൂഞ്ഞാറിൽ സാക്ഷാൽ പി.സി ജോർജാകട്ടെ അഡ്വാൻസായി പടക്കവും പൊട്ടിച്ചു വോട്ടെടുപ്പ് ദിവസമേ ജയം പ്രഖ്യാപിച്ചു നിൽക്കുകയാണ്.
ബി.ജെ.പി വോട്ടുമറിച്ചെന്ന് ഇടതു മുന്നണി ആരോപിക്കുമ്പോൾ . തോൽവി മുന്നിൽ കണ്ടുള്ള സ്ഥിരം കലാപരിപാടിയാണിതെന്നാണ് യു.ഡി.എഫ് പരിഹാസം. എന്നാൽ ബി.ജെ.പി വോട്ടുകൾ ഇടതു മുന്നണിക്ക് മറിച്ചുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നുമില്ല. എന്തൊക്കെയോ എവിടെയെക്കേയോ ചീഞ്ഞു നാറുന്നുണ്ട്. നാറ്റം കൃത്യമായ് അറിയണമെങ്കിൽ പെട്ടിപൊട്ടിക്കുന്നതു വരെ കാത്തിരിക്കുകയേ മാർഗമുള്ളൂ.
ഇനി പെട്ടിപൊട്ടിച്ചു കഴിഞ്ഞാൽ വിലയിരുത്തലെന്ന വിഴുപ്പലക്കൽ ഓരോ മുന്നണിയുടെയും പാർട്ടിയുടെയും സ്ഥാനാർത്ഥികളുടെയും വകയായി തുടങ്ങും. യഥാർത്ഥ ചിത്രം അപ്പോഴേ പുറത്തു വരൂ. പിന്നെ അതേ ചൊല്ലിയാകും തർക്കം. വാടാപോടാ വിളിയിലും കൈയാങ്കളിയിലും തലമുണ്ഡനത്തിലും ചിലരുടെ രാജിയിലും പുറത്താക്കലിലും ചില മാറ്റി പ്രതിഷ്ഠിക്കലിലും വരെ അതെത്താം. ഏതായാലും വേവുന്നത് വരെ കാത്തിരുന്നതിനാൽ ഇനി ആറുന്നതു വരെയും നമുക്ക് കാത്തിരിക്കാം. അതുവരെ രാഷ്ടീയ പാർട്ടികൾ അവർക്കു തോന്നുന്നത് പറയട്ടെ. ആര് കേൾക്കാൻ! കേട്ടാലും വിശ്വസിക്കാൻ !