ബയേൺ മ്യൂണിക്കും ലിവർപൂളും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്ത്
റയൽ മാഡ്രിഡും പി.എസ്.ജിയും ചെൽസിയും സിറ്റിയും സെമിയിൽ
പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ അടിതെറ്റി വീണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെ 1-0ത്തിന് തോൽപ്പിച്ചെങ്കിലും ആദ്യ പാദത്തിലെ ഹോംഗ്രൗണ്ടിലെ തോൽവിയാണ് ബയേണിന് തിരിച്ചടിയായത്. ആദ്യ പാദത്തിൽ ബയേണിന്റെ തട്ടകത്തിൽ ചെന്ന് 3-2ന് ജയിച്ചിരുന്ന പാരീസ് രണ്ടാം പാദത്തിൽ തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം നേടിയാണ് അവസാന നാലിലേക്ക് കടന്നത്.കഴിഞ്ഞ സീസൺ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച് കിരീടം നേടിയിരുന്ന ബയേണിനോട് മധുരപ്രതികാരം വീട്ടുകയായിരുന്നു പാരീസ്. തുടർച്ചയായ രണ്ടാം സീസണിലാണ് പാരീസ് സെമിയിലേക്ക് എത്തുന്നത്.
രണ്ടാം പാദ ക്വാർട്ടറിൽ തോൽവിയേറ്റുവാങ്ങിയ ഇംഗ്ളീഷ് ക്ളബ് ചെൽസിയും സെമിയിലെത്തി.ആദ്യ പാദത്തിൽ 2-1ന് പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ തോൽപ്പിച്ചിരുന്ന ചെൽസി രണ്ടാം പാദത്തിൽ 1-0ത്തിനാണ് തോറ്റത്. 2-1 എന്ന ആകെ ഗോൾ മാർജിനിലാണ് ചെൽസിയുടെ സെമി പ്രവേശം. ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെ രണ്ടാം പാദത്തിൽ ഗോൾ രഹിത സമനിയിൽ തളച്ചാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സെമിയിലെത്തിയത്. ആദ്യ പാദത്തിലെ 3-1ന്റെ വിജയമാണ് റയലിന് പിടിവള്ളിയായത്.രണ്ടാം പാദത്തിൽ ബൊറൂഷ്യ ഡോർട്മുണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ സിറ്റി സെമിയിലെത്തിയത്. ആദ്യ പാദത്തിലും ഇതേ മാർജിനിൽ സിറ്റി ജയിച്ചിരുന്നു. റയലിന് ചെൽസിയും സിറ്റിക്ക് പിഎസ്ജിയുമാണ് സെമിയിൽ എതിരാളികൾ.
ആദ്യ പാദ ക്വാർട്ടറിൽ കിലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിൽ ജയിച്ചിരുന്ന പാരീസിന് സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഗോളടിക്കാനായില്ലെങ്കിലും ബയേണിനെ ഒറ്റഗോളിൽ ഒതുക്കാൻ കഴിഞ്ഞു.40-ാം മിനിട്ടിൽ മുൻ പാരീസ് താരമായ ചോപ്പാ മൗട്ടിംഗിലൂടെയാണ് ബയേൺ സ്കോർ ചെയ്തത്. എന്നാൽ പിന്നീട് പാരീസ് പ്രതിരോധം വരിഞ്ഞുമുറുക്കിയതോടെ വലകുലുക്കാൻ കഴിയാതിരുന്ന നിലവിലെ ചാമ്പ്യൻമാർക്ക് തലകുനിച്ച് മടങ്ങേണ്ടിവന്നു.
ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദത്തിലായിരുന്നു ചെൽസിയുടെയും തോൽവി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് തരേമിയാണ് പോർട്ടോയ്ക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ ആദ്യ പാദത്തിലെ കുറവ് നികത്തി സെമിയിലേക്ക് കടക്കാൻ പോർട്ടോയ്ക്ക് ആ ഗോൾ മതിയാകുമായിരുന്നില്ല.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയിൽ ലിവർപൂൾ നഷ്ടമാക്കിയ ഉറച്ച ഗോളവസരങ്ങളാണ് അനായാസം സെമിയിലേക്ക് മുന്നേറാൻ റയലിന് തുണയായത്. മുഹമ്മദ് സലാ, ജയിംസ് മിൽനർ, ജോർജിനോ വിനാൽഡം തുടങ്ങിയവരാണ് ലിവർപൂളിന് ലഭിച്ച അവസരങ്ങൾ പാഴാക്കിയത്. രണ്ടാം പകുതിയിൽ കൂടുതൽ ഉറപ്പോടെ പ്രതിരോധിച്ചുനിന്ന റയൽ, ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തിൽ സെമിയിലേക്ക് മാർച്ച് ചെയ്തു. 2016 മാർച്ചിനുശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ ഗോൾരഹിത സമനില വഴങ്ങുന്നത് ഇതാദ്യമാണ്.
റയലിനെതിരെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ജയിക്കാനാകാതെ പോയ തുടർച്ചയായ അഞ്ചാം മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ നാലെണ്ണം റയൽ ജയിച്ചപ്പോൾ ഈ മത്സരം സമനിലയിൽ അവസാനിച്ചു. ചാമ്പ്യൻസ് ലീഗും അതിന്റെ ആദ്യ രൂപമായ യൂറോപ്യൻ കപ്പും ചേർത്ത് ഇത് 30–ാം തവണയാണ് റയൽ സെമിയിലെത്തുന്നത്. മറ്റേതൊരു ടീമിനേക്കാൾ 10 എണ്ണം കൂടുതലാണിത്.
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറിയത്. 15–ാം മിനിട്ടിൽ പതിനേഴുകാരൻ ബെല്ലിംഗ്ഹാം നേടിയ ഗോളിൽ ഡോർട്ട്മുണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 55–ാം മിനിട്ടിൽ റിയാദ് മെഹ്റെസ് പെനാൽറ്റി ഗോളിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു. 75–ാം മിനിട്ടിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് സിറ്റി സെമിയിൽ കടന്നത്.
ഇപ്പോഴത്തെ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ സെമിഫൈനലാണിത്. മുൻപ് ബാഴ്സലോണ പരിശീലകനായിരിക്കെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ വ്യക്തിയാണ് പെപ്. ഇതിനു മുൻപ് സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയത് 2015–16 സീസണിൽ മാനുവൽ പെല്ലഗ്രിനിയുടെ കീഴിലാണ്. അന്ന് സെമിയിൽ റയൽ മാഡ്രിഡാണ് സിറ്റിയെ പുറത്താക്കിയത്.
ക്വാർട്ടർ ഫൈനൽ ഫലം
ആദ്യ പാദം
പാരീസ് 3-ബയേൺ 2
ചെൽസി 2- പോർട്ടോ 0
മാഞ്ചസ്റ്റർ സിറ്റി 2- ബൊറൂഷ്യ 1
റയൽ മാഡ്രിഡ് 3- ലിവർപൂൾ 1
രണ്ടാം പാദം
പാരീസ് 0 -ബയേൺ 1 (ഗോൾ മാർജിൻ 3-3, എവേ ഗോളിന് പാരീസ്)
ചെൽസി 0- പോർട്ടോ 1( 2-1 ഗോൾ മാർജിനിൽ ചെൽസി )
മാഞ്ചസ്റ്റർ സിറ്റി 2- ബൊറൂഷ്യ 1 ( 4-2 ഗോൾ മാർജിനിൽ സിറ്റി )
റയൽ മാഡ്രിഡ് 0- ലിവർപൂൾ 0 (3-1 ഗോൾ മാർജിനിൽ റയൽ )
ആദ്യ പാദ സെമി ഫിക്സ്ചർ
ഏപ്രിൽ 28
റയൽ മാഡ്രിഡ് Vs ചെൽസി
ഏപ്രിൽ 29
പാരീസ് Vs മാഞ്ചസ്റ്റർ സിറ്റി
രണ്ടാം പാദ സെമി ഫിക്സ്ചർ
മേയ് 5
പാരീസ് Vs മാഞ്ചസ്റ്റർ സിറ്റി
മേയ് 6
റയൽ മാഡ്രിഡ് Vs ചെൽസി