തിരുവനന്തപുരം: സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളിൽ രണ്ടര ലക്ഷംപേർക്ക് കൊവിഡ് ടെസ്‌റ്റ് ചെയ്യുന്നതിന് മാസ് ക്യാമ്പെയിൻ നടത്താൻ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി വി.പി ജോയ് അറിയിച്ചു.ഹൈറിസ്‌ക് വിഭാഗത്തിലുളളവർക്ക് കൂടുതൽ പരിശോധനകൾ നടത്തണം.
ട്രാൻസ്‌പോർട്ട് തൊഴിലാളികൾ, കടകളിൽ ജോലിചെയ്യുന്നവർ,ചുമട്ടുതൊഴിലാളികൾ, പൊതുജനങ്ങളുമായി ബന്ധം വരുന്ന മറ്റ് വിഭാഗത്തിൽ പെട്ടവരെയാകും ഇത്തരത്തിൽ പരിശോധനാ വിധേയമാക്കുക. ഇതിലൂടെ രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും അതിലൂടെ സമൂഹത്തിൽ രോഗവ്യാപനം തടയാനുമാണ് ശ്രമമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.സംസ്ഥാനത്ത് രണ്ട് കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ ആവശ്യമാണ്. ഉടൻതന്നെ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കുമെന്നും വി.പി ജോയ് പറഞ്ഞു.
ഇനി ഏഴ് ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിനുകളാണ് സംസ്ഥാനത്ത് ബാക്കിയുളളത്. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്. സംസ്ഥാനത്ത് നിലവിൽ സീറോ വേസ്‌റ്റേജിൽ കൊവിഡ് വാക്‌സിനേഷൻ നടത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് ക്യാമ്പെയിനുകളാണ് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കുന്നത്. ടെസ്‌റ്റിംഗ്, വാക്‌സിനേഷൻ ഇവയ്‌ക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് ക്യാമ്പെയിനും ഉണ്ടാകും. നിലവിൽ വാക്‌സിനേഷൻ നടപ്പാക്കിയത് 45 വയസിന് മുകളിലുളളവർക്കാണ്. ഇത്തരത്തിൽ 1.15 കോടി ജനങ്ങളാണുളളത്. ഇവരിൽ നല്ലൊരു വിഭാഗത്തിന് വാക്‌സിൻ നൽകി. മറ്റുളളവർക്കും വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് ക്യാമ്പെയിൻ ഊർജ്ജിതമായി നടപ്പാക്കും.
വരുന്ന ആഴ്‌ചകളിൽ വിവാഹമോ മറ്റ് പ്രധാന യോഗങ്ങളോ നടത്തുന്നതിന് അനുമതി വേണ്ട. എന്നാൽ അവയെ കുറിച്ച് മതിയായ വിവരങ്ങൾ നൽകിയിരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. പരിപാടികൾ സംഘടിപ്പിക്കാൻ ഇൻഡോർ സ്ഥലങ്ങളിൽ 75 പേർക്കും പുറമേ നടത്തുന്നതിൽ പരമാവധി 150 പേർക്കും മാത്രമേ അനുവാദമുളളൂ. രോഗനിയന്ത്രണത്തിന് ജനങ്ങൾ സ്വയം മുന്നോട്ട് വരണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.
ബസുകളിൽ ഇരുന്നുകൊണ്ടുളള യാത്ര മാത്രമേ അനുവദിക്കുകയുളളു. ഒന്നരക്കോടി ജനങ്ങൾക്കെങ്കിലും വാക്‌സിൻ നൽകാനായാൽ സ്‌കൂൾ വർഷം പതിവുപോലെ ആരംഭിക്കാനാകും. രണ്ടാഴ്‌ച കൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നത്. ട്യൂഷൻ ക്ളാസുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ക്ളാസുകൾ കൊവിഡ് മാനദണ്ഡപ്രകാരം നടത്തണം. പരമാവധി ഓൺലൈനായി നടത്താൻ ശ്രമിക്കണം.
കടകളും തിയേറ്ററുകളും ഒൻപത് മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുമതിയില്ല, മദ്യശാലകൾക്ക് നിയന്ത്രണമുണ്ടാകും.എന്നാൽ മരുന്ന് വിൽപന ശാലകൾക്കും ആശുപത്രി ക്യാന്റീനുകൾക്കും ഇളവുണ്ടാകും. മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും മറുപടി നൽകിയില്ല.