photo

 വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയതിന് കേസ്

ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തിൽ 15 വയസുകാരൻ കുത്തേറ്റു മരിച്ചു. കുത്തേറ്റ രണ്ടുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനിൽ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് കൊല്ലപ്പെട്ടത്.

വള്ളികുന്നം മങ്ങാട്ട് വീട്ടിൽ കാശിനാഥിനെ (19) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും വള്ളികുന്നം നഗരൂർ കുറ്റിയിൽ ആദർശിനെ(19) ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

14ന് രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്‌കൂളിനു സമീപമായിരുന്നു സംഭവം. പ്രധാന പ്രതികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൊലയ്ക്കു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചപ്പോൾ യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നാണ് പൊലീസിന്റെയും ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങളുടെയും പ്രതികരണം.

പൊലീസ് പറയുന്നത്: സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരട്ടപ്പേരു വിളിച്ചതിനെ ചൊല്ലി അഭിമന്യുവിന്റെ സഹോദരനും അക്രമിസംഘവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന‌ിടെ 15ൽപ്പരംവരുന്ന സംഘം ഇരുവിഭാഗമായി തമ്മിലടിച്ചത്. അഭിമന്യുവിന്റെ പിൻഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. വള്ളികുന്നം സി.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പാെലീസ് അഭിമന്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവ ദിവസത്തിന് മുമ്പ് ആയുധങ്ങളുമായെത്തിയ സംഘങ്ങൾ തമ്മിൽ പലതവണ പുത്തൻചന്തയടക്കമുള്ള സ്ഥലങ്ങളിൽ ഏറ്റുമുട്ടിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഉത്സവാഘോഷം നടത്തരുതെന്ന് രണ്ടുതവണ ക്ഷേത്രം ഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഉത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തതായി സി.ഐ പറഞ്ഞു.

ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ വിലാപയാത്രയായി കൊണ്ടുവന്ന് സി.പി.എം വള്ളികുന്നം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും. പരേതയായ ബീനയാണ് അമ്മ. സഹോദരൻ: അനന്തു