ശബരിമല: ശബരീശ സന്നിധിയിലെ വിഷുക്കണി ദർശനം ഭക്തർക്ക് സുകൃതമായി. ബുധനാഴ്ച പുലർച്ചെ അഞ്ചിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നുണർത്തി ആദ്യം കണി കാണിച്ചു.
ഇൗ സമയം പതിനെട്ടാംപടിക്ക് താഴെ മുതൽ വലിയ നടപ്പന്തലിലേക്ക് വരെ ദർശനംകാത്തുള്ള ഭക്തരുടെ നിര നീണ്ടു. അഞ്ചരയോടെ ഭക്തർ പടിചവിട്ടിയെത്തി ദർശനം നടത്തിയതോടെ ശ്രീകോവിൽ പരിസരം ശരണമുഖരിതമായി. ഉപദേവതാ ക്ഷേത്രങ്ങളിലും മാളികപ്പുറത്തും വിഷുക്കണി ഒരുക്കിയിരുന്നു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് കൈനീട്ടം നൽകി. ഏഴ് മണിയോടെ കണി ഒരുക്കുകൾ ശ്രീകോവിലിൽ നിന്ന് മാറ്റി. വിഗ്രഹത്തിൽ അഷ്ടാഭിഷേകവും നെയ്യഭിഷേകവും നടത്തി. വിഷു ഉത്സവച്ചടങ്ങുകൾ പൂർത്തിയാക്കി 18ന് രാത്രി 9ന് നട അടയ്ക്കും.