തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച് പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ്. പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച പിഴവോ അല്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്രമാക്കാൻ ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഈ രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് നിന്ന് എതിർക്കേണ്ടതാണ്. എന്നെ വിമർശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാൻ എന്ന വാക്കിനർത്ഥം മനസിലാക്കിയാൽ നന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
20 ശതമാനത്തിൽ താഴെ വരുന്ന ജിഹാദികൾ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌ക്കളങ്ക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വർഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്. ന്യൂനപക്ഷ പ്രീണനം നടത്തി ഏതുവിധേനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപ്പൂർവ്വമോ, അല്ലാതെയോ കാണാതെ പോവുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പല നേതാക്കളും, മണിക്കൂറുകൾകൊണ്ട് നിലപാട് തിരുത്തുന്നത് സംഘടിതമായ ഈ ശക്തിയുടെ സമ്മർദ്ദം എന്താണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുവെന്നും ജോർജ് പറയുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എസ്.ഡി.പി.ഐ നേതാവ് 2031ൽ ഞങ്ങൾ കേരളം ഭരിക്കുമെന്നും,2047ൽ ഞങ്ങൾ ഇന്ത്യ ഭരിക്കുമെന്നും പറയുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുമെന്ന് പറയുന്നത് ഒരു മതേതര പാർട്ടിയുടെ നേതാവല്ല മറിച്ച് ഒരു വർഗീയ ന്യൂനപക്ഷ സംഘടനയുടെ നേതാവാണ്. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് നമ്മുടെ രാജ്യത്ത് വരാൻ പോകുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ അല്ല മറിച്ച് വർഗീയ സംഘർഷങ്ങളുടെയും, ലഹളകളുടെയും അശാന്തിയുടെയും നാളുകൾ എന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ഭീകരസഘടനകളുടേതടക്കം എനിക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പരസ്യവും, രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്. കേരള സമൂഹം തിരഞ്ഞെടുപ്പുകാലത്ത് ആകെ അറിഞ്ഞത് ഈരാറ്റുപേട്ടയിലെ തേവരുപാറ എന്ന സ്ഥലത്ത് എനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാർത്ത മാത്രമാണ്. എന്നാൽ 179 ബൂത്തുകൾ ഉള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള ജിഹാദി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള 26ഓളം ബൂത്തുകളിൽ എന്നെ അനുകൂലിക്കുന്നവർക്ക് നേരെ നടന്ന കൈയേറ്റ ശ്രമങ്ങളും, ഭീഷണികളും ലോകം അറിഞ്ഞില്ലെന്നും ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.