ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളിലാണ് ഇത്രയും പേർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്. കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഏപ്രിൽ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,