ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നിലപാടിനെ തള്ളിക്കൊണ്ട് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനായി അഞ്ച് നേരവും വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. റംസാൻ പ്രാർത്ഥനയ്ക്കായി 50 പേരെ, ദിവസവും അഞ്ച് തവണ പ്രവേശിക്കാൻ അനുവദിക്കണമെന്ന് നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയോട് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
മർക്കസിന്റെ ഒന്നാം നിലയിൽ മുൻനിശ്ചയിച്ച, ഇടങ്ങളിലായി സാമൂഹിക അകലം പാലിച്ചുകൊണ്ട്, വിശ്വാസികൾക്ക് നമസ്കരിക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കൊവിഡ് സാഹചര്യം മൂലം മർക്കസ് പ്രാർത്ഥനയ്ക്കായി തുറക്കാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ് കേന്ദ്ര സർക്കാരും നിലപാടെടുത്തിരുന്നു.
പൊലീസ് അനുവദിക്കുന്നവരിലെ 200പേരില്‍ 20പേര്‍ക്ക് ഒരു നേരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാമെന്നും കേന്ദ്രം തിങ്കളാഴ്ച്ച കോടതിയെ അറിയിച്ചിരുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മതപരമായ ചടങ്ങുകൾക്കായി ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട് എന്ന് കാണിച്ചായിരുന്നു കേന്ദ്രവും ഡൽഹി പൊലീസും ഈ നിലപാട് സ്വീകരിച്ചിരുന്നത്.
ഇതിനെതിരെ ഡല്‍ഹി വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം ഡിഡിഎംഎ നിഷ്കർഷിക്കുന്ന നിയമങ്ങൾ ഏവരും പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതപരമായ ചടങ്ങുകൾക്കായി കൂട്ടം കൂടുന്നത് സംബന്ധിചുള്ള നിയമങ്ങൾ മറ്റിടങ്ങളിൽ എങ്ങനെയാണ് പാലിക്കപ്പെടുന്നത് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ പോലുള്ള ആരാധനാ സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങളുണ്ടോ എന്നുള്ള കാര്യത്തിൽ, അധികാരികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വേണ്ടത്ര വ്യക്തത വരുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്ന സമയത്ത് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടത്തിയ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വരില്‍ നിരവധിവ പേർക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആയിരത്തോളം പേരായിരുന്നു അന്ന് സമ്മേളനത്തില്‍ ഭാഗമായിരുന്നത്. ഈ വിശ്വാസികൾക്ക് രോഗബാധ സ്ഥിരീകരിച്ചത് കാരണം 2020 മാര്‍ച്ച് 20 മുതല്‍ മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണ്.
content highlight: delhi high court allows 50 devotees to enter nizamuddin markaz.