ദുബായ് : ഐ.സി.സി ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ കഴിഞ്ഞ മൂന്നര വർഷമായി (41 മാസം) ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാൻ നായകൻ ബാബർ അസം . 865 പോയിന്റുമായാണ് അസം ഒന്നാമനായത്. 857 പോയിന്റുള്ള കൊഹ്‌ലി രണ്ടാമതും 825 പോയിന്റുള്ള രോഹിത് ശർമ മൂന്നാമതുമാണ്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങൾ ആരുമില്ല.
ഏതാണ്ട് മൂന്നര വർഷത്തോളം തുടർച്ചയായി ഒന്നാം സ്ഥാനത്തിരുന്ന കൊഹ്‌ലിയുടെ റാങ്കിംഗിലെ ആധിപത്യത്തിനു കൂടിയാണ് അസം വിരാമമിട്ടത്. 2017ൽ ഓഗസ്റ്റിൽ ഒന്നാം റാങ്കിലെത്തിയ കൊഹ്‌ലി, 1258 ദിവസങ്ങളാണ് തലപ്പത്തിരുന്നത്. സഹീർ അബ്ബാസ് (1983–84), ജാവേദ് മിയാൻദാദ് (1988–89), മുഹമ്മദ് യൂസഫ് (2003) എന്നിവർക്കു ശേഷം ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ പാകിസ്ഥാൻ താരമാണ് അസം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ബാബർ അസമിന് റാങ്കിംഗിൽ വൻ നേട്ടം സമ്മാനിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു സെഞ്ച്വറി സഹിതം 228 റൺസടിച്ച അസം കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനായിരുന്നു.
ഇതേ പരമ്പരയിൽ രണ്ടു സെഞ്ചുറി കുറിച്ച പാക്കിസ്ഥാന്റെ ഓപ്പണർ ഫഖർ സമാനും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. വൻ മുന്നേറ്റം നടത്തിയ സമാൻ ഏഴാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരത്തിൽ സമാൻ 193 റൺസെടുത്ത് റണ്ണൗട്ടായിരുന്നു.
ബൗളർമാരുടെ റാങ്കിംഗിൽ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാൻ താരം മുജീബുർ റഹ്മാനാണ് രണ്ടാമത്. ന്യൂസീലൻഡിന്റെ മാറ്റ് ഹെൻറി മൂന്നാമതുണ്ട്. ജസ്പ്രീത് ബുംറ (നാല്) മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളർ. ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒൻപതാമതുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ സാന്നിധ്യം.