ടോക്കിയോ: തന്റെ സ്വത്തുവകകളിൽ നിന്ന് നയാപൈസ മകന് നൽകില്ലെന്നാവർത്തിച്ച് ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കിചാൻ. 67കാരനായ ജാക്കിചാൻ ലോകത്തിലെ തന്നെ ഏറ്റവും പണക്കാരനായ നടന്മാരിൽ ഒരാളാണ്. ഫോബ്സിന്റെ കണക്ക്പ്രകാരം 2019-20ൽ മാത്രം 40 മില്യൺ ഡോളറാണ് ജാക്കിയുടെ സമ്പാദ്യം. കുങ്ഫൂ മാസ്റ്റർ കൂടിയായ ജാക്കിയുടെ ആകെ സമ്പാദ്യം ഏകദേശം 350 മില്യൺ ഡോളറാണ്. എന്നാൽ ഒരേയൊരു മകനായ ജയ്സീ ചാനിന് തന്റെ സമ്പാദ്യത്തിൽ നിന്ന് ചില്ലിക്കാശ് പോലും നൽകില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക നീക്കിവയ്ക്കാനാണ് തീരുമാനമെന്നും ജാക്കി വ്യക്തമാക്കി.
'അയാൾക്ക് കഴിവുണ്ടെങ്കിൽ സ്വന്തമായി പണം സമ്പാദിക്കാൻ കഴിയും. ഇല്ലെങ്കിൽ അയാൾ എന്റെ പണം പാഴാക്കുകയേയുള്ളൂ' എന്നാണ് ജാക്കിചാൻ പറഞ്ഞത്.
1982ലാണ് ജാക്കിചാൻ ജോവാൻ ലിന്നിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ ഒരേയൊരു മകനാണ് ജയ്സീ. നടനും സംഗീതജ്ഞനുമായ ജയ്സീയുടെ വഴിവിട്ട പോക്കിൽ ഏറെക്കാലമായി ജാക്കിചാൻ അസ്വസ്ഥനാണ്. കുറേ നാളുകൾക്കുമുമ്പ് ജയ്സീയെ മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പിടികൂടിയിരുന്നു. അന്ന് ജാക്കി തന്റെ മകനുവേണ്ടി മാപ്പ് പറഞ്ഞിരുന്നു.
'ചെറുപ്പക്കാർ ജെയ്സിയെ മാതൃകയാക്കരുത്. മയക്കുമരുന്നിൽ നിന്ന് അവൻ വിട്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' - ജാക്കി അന്ന് പറഞ്ഞു. 'എന്റെ മകനെ നല്ലകാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. ജയ്സിയും ഞാനും സമൂഹത്തോട് ക്ഷമ ചോദിക്കുന്നു'. - ജാക്കിചാൻ പറഞ്ഞു.
അച്ഛനും മകനുമിടയിലെ ഇത്തരം അസ്വാരസ്യങ്ങൾ വർദ്ധിച്ചതായാണ് ജാക്കിചാന്റെ പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. അതുകൊണ്ടാവണം തന്റെ സമ്പാദ്യം ജീവകാരുണ്യപ്രവർത്തനത്തിന് നൽകിയാലും മകന് നൽകില്ലെന്ന് ജാക്കിചാൻ ആവർത്തിച്ചത്.