വാഷിംഗ്ടൺ: ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനെ അധികാരത്തിലെത്തിക്കാൻ റഷ്യ ശ്രമം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ, റഷ്യയ്ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. 30റഷ്യൻ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്താനും യു.എസിലുള്ള 10 മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കാനുമാണ്
പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം. രഹസ്യാന്വേഷണ, നയതന്ത്ര ഉദ്യോഗസ്ഥരെയാകും പുറത്താക്കുക. റഷ്യൻ നാണയമായ റൂബിളിന് ആധിപത്യമുള്ള ബോണ്ടുകൾ വാങ്ങാൻ യു.എസ് വ്യവസായ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്താനും നീക്കമുണ്ട്. ഇത് സാമ്പത്തികമായി മാത്രമല്ല, നയതന്ത്രപരമായും റഷ്യയെ കുരുക്കിലാക്കും.
യു.എസ് സർക്കാർ ശൃംഖലകളെ ലക്ഷ്യമിട്ട് 2020ൽ നടന്ന വൻ ഹാക്കിങ്ങും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമാണ് വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതിലെത്തിച്ചത്.
ഉക്രെയ്‌നിൽ 40,000 ഓളം സൈനികരെ അണിനിരത്തി നടപടികൾ കടുപ്പിക്കുന്ന റഷ്യയ്ക്ക് മുന്നറിയിപ്പാണിത്. ഉക്രെയ്‌നിൽ മാത്രമല്ല, ക്രിമിയയിലും അരലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.