കൊളംബോ: അൽ ഖ്വയ്ദ, ഐസിസി തുടങ്ങിയവയടക്കം ഭീകരബന്ധമുള്ള 11 ഇസ്ലാമിക് സംഘടനകൾക്ക് ശ്രീലങ്ക വിലക്കേർപ്പെടുത്തി. രാജ്യത്തെ ഭീകര പ്രവർത്തനങ്ങളിൽ ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് വിലക്കെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഭീകരത തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം. ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയോ ഗൂഡാലോചനകളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് 20 വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രസിഡന്റ് ഗോതബയ രാജപക്സെ പ്രസ്താവനയിൽ അറിയിച്ചു. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിക മുസ്ലിം സംഘടനകൾക്കും വിലക്കുണ്ട്.
നേരത്തെ 2019 ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെ പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണൽ തൗഹാത് ജമാഅത്തും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു.
2019 ലെ ചാവേർ ആക്രമണത്തിന് പിന്നാലെ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ വിലക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ബുദ്ധിസ്റ്റ് തീവ്രസംഘടനയായ ഫോഴ്സസ് ഓഫ് ബുദ്ധിസ്റ്റ് പവർ എന്ന സംഘടനയേയും വിലക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് ഒഴിവാക്കി.