കോട്ടയം: വിഷു ആഘോഷത്തിനായി ചാരായം വാറ്റുന്നതിനിടയിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. 220 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസിനെ കണ്ട് കന്നാസിൽ സൂക്ഷിച്ചിരുന്ന ചാരായം സ്ഥലത്തു നിന്ന് മാറ്റിയിരുന്നു.
വാഗമൺ കൂട്ടക്കല്ല് തെക്കേടത്ത് യോഹന്നാനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പീരുമേട് റേഞ്ചിലെ എക്സൈസ് പ്രിവന്റീവ് ആഫീസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാലാണ് ഇയാൾ പിടിയിലായത്.
ചാരായം വാറ്റി വില്പന നടത്തിയിരുന്ന ആളാണ് യോഹന്നാനെന്ന് എക്സൈസ് വ്യക്തമാക്കി. വൻതോതിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. പൊലീസിലും എക്സൈസിലും ഇയാൾക്ക് നല്ല ബന്ധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ തന്നെ എക്സൈസോ പൊലീസോ റെയ്ഡിനായി സ്റ്റേഷനിൽ നിന്ന് തിരിക്കുന്നതിനുമുമ്പേ ഇയാൾ വിവരം അറിയും. അതോടെ കോടയും ചാരായവും വാറ്റുപകരണങ്ങളും സ്ഥലത്തുനിന്ന് മാറ്റുകയാണ് പതിവ്. എന്നാൽ, ഇക്കുറി ചാരായം മാത്രമേ മാറ്റാൻ കഴിഞ്ഞിരുന്നുള്ളു.
പ്രിവന്റീവ് ഒാഫീസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ പ്രതി ദിവസങ്ങളായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ ഉദ്യോഗസ്ഥരായ ജി. സബിൻ, ബി. ബൈജു, സി. അരുൺ, അജേഷ്, രാജീവ്, ശ്രീദേവി എന്നിവരും പങ്കെടുത്തു. പ്രതിയെ പീരുമേട് ജുഡീിഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.