ചാരുംമൂട്: പടനിലം ആത്മാവ് മുക്കിനു സമീപം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പാറ്റൂർ ഇഞ്ചയ്ക്കൽ ഓടിയിൽ ഇ.കെ. തോമസ് (ജോയിക്കുട്ടി- 56), മകൾ ജോസി തോമസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
പാറ്റൂർ കുതിര കെട്ടും തടം ജംഗ്ഷനിൽ സ്റ്റേഷനറി - ബേക്കറി വ്യാപാരിയാണ് ജോയിക്കുട്ടി. ജോസിയുടെ ഉപരിപഠനത്തിനാവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങാൻ പടനിലത്തുള്ള വില്ലേജ് ഓഫീസിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ഇടപ്പോൺ ഭാഗത്തേക്കു അമിത വേഗത്തിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും ഉടൻ നാട്ടുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.എസ്‌സി ബിരുദധാരിയാണ് ജോസി. മാതാവ്: ശാന്തമ്മ. സഹോദരൻ: ജോസൻ. സംസ്കാരം പിന്നീട്.