കെയ്റോ: ആഴ്ചകൾക്ക് മുമ്പ് സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ എവർ ഗിവൺ, നഷ്ടപരിഹാരമായ 900 മില്യൺ യു.എസ് ഡോളർ അടയ്ക്കാത്തതിനെ തുടർന്ന് സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തു.
കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചിലവ്, കനാലിൽ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് 900 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും ദിവസമായിട്ടും കപ്പൽ ഉടമകൾ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പൽ പിടിച്ചെടുത്തെതെന്നും ഈജിപ്തിലെ കനാൽ അതോറിറ്റി മേധാവി ഒസാമ റാബി പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇസ്‌മാലിയയിലെ കോടതി കപ്പൽ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അറിയിച്ചു.
അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ജപ്പാൻ ഉടമസ്ഥതയിലുള്ള കപ്പൽ ഓപ്പറേറ്റ് ചെയ്യുന്നത് തായ്‌വാൻ കമ്പനിയാണ്. നിലവിൽ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റർ ലേക്കിലാണ് എവർഗിവൺ നങ്കൂരമിട്ടിരിക്കുന്നത്.