ഇസ്ലാമാബാദ്: പാകിസ്താനിലുളള ഫ്രഞ്ച് പൗരൻമാരോടും കമ്പനികളോടും താൽക്കാലികമായി രാജ്യം വിടാൻ നിർദ്ദേശിച്ച് ഫ്രാൻസ്. പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാർട്ടൂണിനെതിരെ പാകിസ്താനിൽ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
കാർട്ടൂണിനെ അപലപിച്ച് റാലികൾ നടക്കുന്നതിന് മുൻപ് തങ്ങളുടെ തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ആയിരക്കണക്കിന് പാകിസ്ഥാനി ഇസ്ലാമിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് ഫ്രഞ്ച് പൗരൻമാർക്കും കമ്പനികൾക്കും തൽക്കാലം രാജ്യം വിടാൻ വ്യാഴാഴ്ച തന്നെ നിർദ്ദേശം നൽകിയതായി ഫ്രഞ്ച് എംബസി അറിയിച്ചു. പാകിസ്ഥാനിലെ ഫ്രഞ്ച് കമ്പനികളോട് താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാരീസിലെ ഒരു ചരിത്രാദ്ധ്യാപകനായ സാമുവേൽ പാറ്റി പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഈ അദ്ധ്യാപകനെ പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതൽ ഗുരുതരമായി.
കാർട്ടൂൺ ഒരിക്കലും പിൻവലിക്കില്ലെന്നാണ് ഫ്രഞ്ച് സർക്കാർ അദ്ധ്യാപകന്റെ മരണത്തിനു ശേഷം പ്രതികരിച്ചത്. ഒപ്പം പ്രവാചകന്റെ കാർട്ടൂൺ രാജ്യത്തെ സർക്കാർ ഓഫീസുകൾക്ക് മേൽ പ്രദർശിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ആദരാജ്ഞലികൾ അർപ്പിക്കുകകൂടി ചെയ്തതോടെ ഇരുരാജ്യങ്ങൾ തമ്മിലുളള ബന്ധം കഴിഞ്ഞ വർഷം അവസാനത്തോടെ വഷളാവുകയായിരുന്നു.