guruvayoor

ഗുരുവായൂർ: വിഷുപ്പുലരിയിൽ കണ്ണനെ ദർശിച്ച് സായുജ്യമടയാൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശിച്ച് വിഷുക്കണി ദർശനത്തിന് അവസരമില്ലെങ്കിലും പുറത്ത് വാതിൽമാടത്തിനു മുന്നിൽ നിന്ന് ഭക്തർ കണ്ണനെ തൊഴുതു.
പുലർച്ചെ രണ്ടര മുതൽ മൂന്നരവരെയായിരുന്നു കണി ദർശനം. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയത്. ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയുമാണ് കണിവച്ചത്. മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ കണി കണ്ടശേഷം പുലർച്ചെ രണ്ടിന് ശ്രീലകവാതിൽ തുറന്ന് മുഖമണ്ഡപത്തിൽ ഒരുക്കിവച്ചിരുന്ന കണിയിലെ മുറിത്തേങ്ങയിൽ നെയ്യ് ഒഴിച്ച് ദീപം തെളിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ദർശനത്തിനുശേഷം തൈലാഭിഷേകം, വാകചാർത്ത് എന്നിവ നടന്നു.
രാത്രി ക്ഷേത്രം അടയ്ക്കുന്നതു വരെയും ഭക്തരുടെ തിരക്കായിരുന്നു.

വിഷു വിളക്ക് സമ്പൂർണ നെയ്യ് വിളക്കായാണ് ആഘോഷിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മരിച്ച ലണ്ടൻ വ്യവസായി ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വക വഴിപാടായാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്.