ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്
മുംബയ് : ബൗളർമാരുടെ ആധിപത്യം കണ്ട ഐ.പി.എൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. സീസണിലെ രാജസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.. ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസിനെ 147/8ന് ഒതുക്കിയ ശേഷം രണ്ട് പന്തുകളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ്കദും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാനും ചേർന്നാണ് ഡൽഹിയെ തളർത്തിയത്. അർദ്ധസെഞ്ച്വറി (51) നേടിയ നായകൻ റിഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്.
എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോൾ സമാനമായ രീതിയിൽ തകർച്ച നേരിട്ട രാജസ്ഥാനെ 43 പന്തിൽ 62 റൺസടിച്ച ഡേവിഡ് മില്ലറും 18 പന്തുകളിൽ നാല് സിക്സടക്കം 36 റൺസുമായി പുറത്താകാതെ നിന്ന ക്രിസ് മോറിസും ചേർന്നാണ് വിജയിപ്പിച്ചത്. ബട്ട്‌ലർ(2),സഞ്ജു(4),മനൻ വോറ(9),റയാൻ പരാഗ് (2) എന്നിവർ പുറത്തായപ്പോൾ 42/5 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. അപ്പോൾ ക്രീസിൽ ഒരുമിച്ച രാഹുൽ തെവാത്തിയയും (19) മില്ലറും അപകടത്തിൽ നിന്ന് രക്ഷപെടുത്തി. ഈ സീസണിലെ താരലേലത്തിൽ ഏറ്റവുമധികം വില നേടിയ ക്രിസ് മോറിസ് അതിനൊത്ത പ്രകടനം കാഴ്ചവച്ചതോടെയാണ് വിജയം ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയത്.ഡൽഹിയുടെ സീസണിലെ ആദ്യ തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(2) നഷ്ടമായിരുന്നു. ജയ്ദേവ് ഉനദ്കദാണ് മനോഹരമായ ഒരു ഫുൾ ലെംഗ്ത് ബാളിലൂടെ പൃഥ്വിയെ മില്ലറുടെ കയ്യിലെത്തിച്ചത്. അഞ്ചു റൺസ് മാത്രമായിരുന്നു അപ്പോൾ ഡൽഹിയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഉനദ്കദ് അടുത്ത പ്രഹരവും നൽകി. ഇത്തവണ കൂടാരത്തിലേക്ക് മടങ്ങിയത് വെറ്ററൻ ഓപ്പണർ ശിഖർ ധവാനായിരുന്നു. ഒൻപത് റൺസെടുത്ത ധവാനെ വിക്കറ്റിന് പിന്നിൽ സഞ്ജുവാണ് പിടികൂടിയത്.
ഇതോടെ ഡൽഹി 16/2 എന്ന നിലയിലായി. തുടർന്ന് ക്രീസിലേക്ക് എത്തിയ ഡൽഹി നായകൻ റിഷഭ് പന്ത് കാലുറപ്പിക്കുന്നതിനിടയിൽ അജിങ്ക്യ രഹാനെയും (8) സ്റ്റോയ്നിസും(0)കൂടി പുറത്തായി. രഹാനെയെ ഉനദ്കദ് സ്വന്തം ബൗളിംഗിൽ പിടികൂടിയപ്പോൾ സ്റ്റോയ്നിസിനെ മുസ്താഫിസുർ റഹ്മാൻ ബട്ട്‌ലറുടെ കയ്യിലെത്തിച്ചു. തുടർന്ന് റിഷഭ് പന്ത് ടീമിനെ കരകയറ്റാൻ തുടങ്ങി.
32 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം അർദ്ധസെഞ്ച്വറി കടന്ന റിഷഭ് പക്ഷേ 13-ാം ഓവറിൽ പുറത്തായത് വലിയ തിരിച്ചടിയായി.അനാവശ്യമായൊരു റണ്ണിനോടിയ റിഷഭിനെ സുന്ദരമായ ത്രോയിലൂടെ റയാൻ പരാഗാണ് പറഞ്ഞുവിട്ടത്. ഇതോടെ ഡൽഹി 88/5 എന്ന നിലയിലായി. പിന്നീട് ലളിത് യാദവ് (20),ടോം കറാൻ (21) എന്നിവർ ചേർന്ന് 100 ലെത്തിച്ചു.കൃത്യം 100 റൺസിൽ ലളിത് യാദവും പുറത്തായി. മോറിസിനായിരുന്നു വിക്കറ്റ്.19-ാം ഓവറിൽ കറാനും അശ്വിനും (7) പുറത്തായി.ക്രിസ് വോക്സ് 15 റൺസുമായി പുറത്താകാതെ നിന്നു.
ഇന്നത്തെ മത്സരം
പഞ്ചാബ് കിംഗ്സ് Vs ചെന്നൈ സൂപ്പർ കിംഗ്സ്