കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണങ്ങളും കവർച്ച ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിലായി. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(26), ഭാര്യ ആതിര പ്രസാദ്(27) എന്നിവരാണ് അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറായ മൂന്നാം പ്രതി ഒളിവിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ടാക്സി കാറിൽ കലൂർ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനു സമീപമെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റി. മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന ഒന്നേകാൽ പവൻ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും തട്ടിയെടുത്തു. തുടർന്ന് കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു.
ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾ അതേദിവസം സമാനമായ രീതിയിൽ വൈറ്റിലയിൽ മറ്റൊരു കവർച്ച കൂടി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചത്.
രണ്ടാമത്തെ സംഭവത്തിൽ വൈറ്റില ഹബ്ബിന് സമീപം വച്ച് യുവതിയെ വാഹനത്തിൽ കയറ്റി സമാന രീതിയിൽ ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 20,000 രൂപ കവർന്ന ശേഷം റോഡിൽ ഇറക്കിവിട്ടു.
എറണാകുളം എ.സി.പി. ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐമാരായഎൻ.ഗിരീഷ്, കെ.ബി. സാബു, സുരേഷ്, അനിൽകുമാർ, സി.പിഒ. മാഹിൻ, സിജി വിജയൻ, ബിവാത്തു എന്നിവർ ചേർന്ന് പ്രതികളെ ഏരൂർ ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. ഒളിവിൽ പോയ ടാക്‌സി ഡ്രൈവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു.