കൊച്ചി: സ്വർണവില ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,370 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 34,720 രൂപയിലെത്തി. വിഷുനാളിൽ പവൻവില 320 രൂപയുടെ വർദ്ധനയുമായി ഈമാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,040 രൂപയിലെത്തിയിരുന്നു; ഗ്രാമിന് അന്ന് 40 രൂപ ഉയർന്ന് 4,380 രൂപയായിരുന്നു.
രാജ്യാന്തര വില കുത്തനെ കൂടിയതിനാൽ ഇന്ന് ആഭ്യന്തര സ്വർണവില വർദ്ധിച്ചേക്കുമെന്നാണ് വിതരണക്കാർ പറയുന്നത്. ബുധനാഴ്‌ച ഔൺസിന് 1,734 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നലെ 1,769 ഡോളറിലേക്ക് മുന്നേറി. മുംബയ് ബുള്ള്യൻ വിപണിയിൽ ഇന്നലെത്തന്നെ 10 ഗ്രാമിന് 90 രൂപ ഉയർന്ന് വില 44,850 രൂപയായിട്ടുണ്ട്.
ഇറക്കുമതിയിൽ 471% മുന്നേറ്റം
കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 471 ശതമാനം ഉയർന്ന് 160 ടണ്ണിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. 123 കോടി ഡോളറിൽ നിന്ന് 840 കോടി ഡോളറായാണ് ഇറക്കുമതിച്ചെലവ് കൂടിയത്. കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ ഇറക്കുമതി 124 ടണ്ണിൽ നിന്നുയർന്ന് 321 ടണ്ണായി. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 10.75 ശതമാനമായി കുറച്ചത് ഇറക്കുമതി കൂടാൻ വഴിയൊരുക്കി.
ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ഉൾപ്പെടെ നിക്ഷേപക ഡിമാൻഡ് കൂടിയതിനെ തുടർന്ന്, കഴിഞ്ഞ ആഗസ്‌റ്റിൽ രാജ്യാന്തരവില ഔൺസിന് സർവകാല റെക്കാഡായ 2,072 ഡോളറിൽ എത്തിയിരുന്നു. പിന്നീട്, വില താഴേക്കിറങ്ങിയതും ഇറക്കുമതി വർദ്ധിക്കാൻ കളമൊരുക്കി.