kk-

ലോകത്ത് ഏറ്റവും കൂടുതൽ ശക്തിയും അധികാരവുളള രാജ്യം എന്ന് ചോദിച്ചാൽ ആരും കണ്ണടച്ച് പറയുന്ന ഉത്തരം അമേരിക്ക എന്നായിരിക്കും. ട്രംപ് യുഗത്തിൽ നിന്ന് ബൈഡൻ യുഗത്തിലേക്ക് മാറിയിരിക്കുകയാണ് അമേരിക്ക ഇപ്പോൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവത്തെക്കുറിച്ച് ലോകം ഏറെ വായിച്ചതാണ്. 1972 ൽ കാറപകടത്തിൽ ബൈഡന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു. ആൺമക്കലായ ബോയും ഹണ്ടറും മാത്രമാണ് രക്ഷപ്പെട്ടത്. എന്നാൽ 2015 ൽ കാൻസർ എന്ന മഹാരോഗം ബോയെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഈ അനുഭവങ്ങളെക്കുറിച്ച് തന്റെ ആത്മകഥയിൽ വിവരിക്കുകയാണ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈ‌‌‌‌‌ഡൻ.

ബ്യൂട്ടിഫുൾ തിംഗ്സ് എ മെമ്മയർ ബൈ ഹണ്ടർ ബൈഡൻ എന്ന പുതിയ പുസ്തകത്തിലാണ് കുടുംബത്തെക്കുറിച്ചും സഹോദരനെക്കുറിച്ചുമുള്ള ഓർമ്മകൾ ഹണ്ടർ പങ്കുവയ്ക്കുന്നത്. അമ്മയും കുഞ്ഞുപെങ്ങളും നഷ്ടപ്പെട്ടതോടെ ബോയായിരുന്നു ഹണ്ടറിന് എല്ലാം. ഹണ്ടറിന്റെയും ബോയുടെയും സന്തോഷം നിറഞ്ഞ കുട്ടിക്കാലത്തിന്റെ ഓർമയിൽനിന്നാണ് ബ്യൂട്ടിഫുൾ തിംഗ്‌സ് എന്ന പുസ്തകത്തിന്റെ തലക്കെട്ടിലേക്ക് എത്തുന്നത്. ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറഞ്ഞ അമേരിക്കയായിരുന്നു കുട്ടിക്കാലത്ത് അവരുടെ സ്വപ്നങ്ങളിൽ. എന്നാൽ കാറപകടം സ്വപ്നങ്ങളെ തകർത്തതോടെ ഒരു റൗഡിയിലേക്കു ഹണ്ടർ മാറുകയായിരുന്നു

1988 ൽ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ നിരാശയുടെ, തകർച്ചയുടെയും ലോകത്തായിരുന്നു ഹണ്ടർ. മദ്യപാനത്തിന്റെയും വഴിവിട്ട ബന്ധങ്ങളുടെയും സഹയാത്രികനായി ഹണ്ടർ പലപ്പോഴും മാറി. സ്വജനപക്ഷപാതം ആരോപിക്കപ്പെട്ട അഴിമതിയിലും ഇടയ്ക്കു ഹണ്ടർ ഇരയായി. 2015 ൽ കാൻസർ സഹോദരൻ ബോയെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഹണ്ടർ തീർത്തും നിസഹായനായി. പിന്നാലെ അയാൾ സഹോദരന്റെ വിധവ ഹാലിയിൽ ആശ്രയം കണ്ടെത്തി. ഒടുവിൽ ആ ബന്ധവും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.. ഹണ്ടർ വീണ്ടും ലഹരിയുടെ ആഴങ്ങളിലേക്കാണ്ടു. രണ്ട് വിവാഹങ്ങൾക്ക് ശേഷം വിവാഹം കഴിച്ച ഇപ്പോഴത്തെ ഭാര്യ മെലീസയാണ് രക്ഷകയായതെന്ന് ഹണ്ടർ ആത്മകഥയിൽ പറയുന്നു ആ ജീവിതമാണ് ബ്യൂട്ടിഫുൾ തിംഗ്സ് എന്ന ആത്മകഥയിൽ ഹണ്ടർ വിവരിക്കുന്നത്.