covid-vaccine

ന്യൂഡൽഹി: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകയായ രശ്മി സിംഗാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജി ജസ്റ്റിസ് അശോക് ഭൂഷൺ ആർ. സുഭാഷ് റെഡി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

നിരവധി വിദഗ്ദ്ധരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുളളവരും കൊവിഡ് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഇന്ത്യ പ്രതിദിനം കുറഞ്ഞത് 10 ദശലക്ഷം ഡോസുകൾ നൽകണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പട്ടതായും പരാമർശമുണ്ട്.

18 മുതൽ 45 വയസുവരെ പ്രായമുളളവർക്ക് വാക്സിനേഷൻ നിഷേധിക്കുന്നത് ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവുമാണ്. ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഇത്തരം നിർദ്ദേശങ്ങൾ ജീവിക്കാനും ആരോഗ്യത്തിനും ഉളള അവകാശം ലംഘിക്കുന്നതിന് ഇടയാക്കുമെന്നും ആർട്ടിക്കിൾ 21 ന്റെ ലംഘനത്തിന് കാരണമാകുമെന്നും വാദമുണ്ട്.

18 വയസിനും അതിൽക്കൂടുതലും പ്രായമുളളവർക്ക് കൊവിഡ് വാക്സിൻ വൈറസ് വ്യാപനം തടയുന്നതിന് സഹായകരമാകും. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഭൂരിഭാഗവും കൂടുതൽ പേരുമായി ഇടപഴകുന്നവരും ഈ പ്രായത്തിലുളളവരാണ്. അതിനാൽ ഈ വിഭാഗത്തിലുളളവർ വഴി കൊവിഡ് വ്യാപിക്കാൻ സാദ്ധ്യതയേറെയാണെന്നും ഹർജിയിൽ പറയുന്നു.

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഘട്ടമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. കൊവിഡ് മുന്നണി പോരാളികൾ ഒഴികെയുളള പൊതുജനങ്ങൾക്ക് മാർച്ച് ഒന്നുമുതലാണ് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 60 വയസിന് മുകളിലുളളവർക്കായി പരിമിതപ്പെടുത്തിയിരുന്നു. 45 വയസിനു മുകളിലുളളവർക്കുളള വാക്സിനേഷൻ ഏപ്രിൽ ഒന്നുമുതലാണ് രാജ്യത്ത് ആരംഭിച്ചത്.