ന്യൂഡൽഹി: കുംഭമേളയെ മർക്കസുമായി താരതമ്യപ്പെടുത്തുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിഎച്ച്പി വൈസ് പ്രസിഡൻറ് ചംപത് റായ്. ഏറെ പഴക്കമുള്ളതും സാമ്പ്രദായികവുമായ ഉത്സവമാണ് കുംഭമേളയെന്നും ചംപത് റായ് പറഞ്ഞു. അതേസമയം നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാത്തുമായി കുംഭമേളയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും കുംഭമേള മതപരമായ ചടങ്ങാണെന്നുംചംപത് റായ് പറയുന്നു.
12 വർഷങ്ങളിലൊരിക്കൽ നടക്കുന്ന ഹിന്ദു ഉത്സവമാണ് കുംഭമേളയെന്നും അത് നിറുത്തേണ്ട കാര്യമില്ലെന്നും റായ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രം മതിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'മുസ്ലിം ആധിപത്യം' പ്രകടിപ്പിക്കാൻ നടത്തുന്ന മർക്കസ് സമ്മേളനം പോലെയല്ല അതെന്നും മറ്റൊരു വിശ്വഹിന്ദു പരിഷദ് ഭാരവാഹിയായ സുരേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു.
'കുംഭമേളയ്ക്ക് സർക്കാരിന്റെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണ്. മർക്കസ് സംമ്മേളനം പോലെ മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാൻ നടത്തുന്ന പരിപാടിയല്ല. കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണ്.'- വിഎച്ച് പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിൻ പറഞ്ഞു.
മേള നിർത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാൽ മേളയ്ക്കെത്തുന്നവരിൽ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മർക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവർ പുതുപ്പുകൾ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാൽ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മർക്കസും കുംഭമേളയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതർ തീരുമാനം എടുത്തിരുന്നു. മേള ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ബുധനാഴ്ച മേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് അധികൃതരുടെ പ്രഖ്യാപനം.