kk-

സ്ത്രീകളിലും പുരുഷൻമാരിലും ലൈംഗികത വ്യത്യസ്തമായാണ് അനുഭവവേദ്യമാകുന്നത്.. പുരുഷൻമാർ ലൈംഗികബന്ധത്തിന് പെട്ടെന്ന് സന്നദ്ധരാകുമ്പോൾ സ്ത്രീകൾക്ക് അതിന് സമയം വേണ്ടി വരുന്നു. ഇത് പരസ്പരം മനസിലാകാത ഇരിക്കുമ്പോൾ ദാമ്പത്യ ബന്ധത്തിലും പൊരുത്തക്കേടുകൾ സംഭവിക്കുന്നു. ലൈംഗികതയെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യാതിരിക്കുന്നതും പ്രശ്നം ഗൗരവതരമാക്കുന്നു. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നിലപാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു.

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉൾക്കൊള്ളാൻ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.

ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികൾ അടുത്തുണ്ടെങ്കിൽ അവർ അറിയുമോ എന്നൊക്കെയുള്ള ആശങ്കകൾ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും. അത് ഒഴിവാക്കാൻ സഭോഗത്തിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കണം.

സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാൽ അതിനുള്ള പ്രതിവിധിയും വ്യത്യസ്തമാണ്. ചിലർക്ക് പങ്കാളിയോട് മനസ്സുതുറന്ന് സംസാരിച്ചാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളു. എന്നാൽ ചിലർക്ക് ഡോക്ടറുടെ സേവനമായിരിക്കും വേണ്ടത്. ചിലർക്ക് മാനസികാരോഗ്യ വിദഗ്ധരുടെ കൗൺസലിംഗ് വേണ്ടിവരും.

ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാൻ സഹായകമാകും. സ്ത്രീകൾക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങൾ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്.


മാനസിക ഉല്ലാസം നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാകുന്നതുകൊണ്ട് പിരിമുറുക്കം കുറയ്ക്കാനും ലൈംഗികത ആസ്വദിക്കാനും രതിമൂർച്ഛ അനുഭവിക്കുന്നതിനും സാധിക്കും. മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും സഹായകമാകും. ആരോഗ്യകരമായ ജീവിതശൈലി പിൻതുടരേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ഉൻമേഷം നിലനിർത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉൻമേഷം നിലനിർത്തുന്നതിനും പ്രണയാർദ്രമായ ചിന്തകൾ ഉണർത്തുന്നതിനും വ്യായാമം സഹായിക്കും. പങ്കാളികൾ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കിൽ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്സ് കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യും.