തിരുവനന്തപുരം: എൻഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം. ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, മന്നത്ത് പത്മനാഭനെയും വിമർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങൾ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണി കഴിയുമ്പോൾ മനസിലാകുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു.
സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്കു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എൻഎസ്എസ് നോക്കുന്നില്ല. ആർഎസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്ന് സുകുമാരൻ നായരെ പോലുള്ള നേതാക്കൾ മനസിലാക്കണം.
സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാൻ എൻഎസ്എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. മുന്നാക്ക സംവരണം ഏതെങ്കിലും സമുദായ സംഘടനയുടെ ആവശ്യത്തിനു വഴങ്ങി എടുത്ത തീരുമാനമല്ലെന്നാണ് ലേഖനത്തിൽ പറയുന്നത്. ഒരു ജാതി മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാർ തയാറല്ല. സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴാണ് പ്രശ്‌നമെന്നും ലേഖനത്തിൽ വിജയരാഘവൻ പറഞ്ഞു.
വിമോചന സമരവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മാനാഭനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിമോചന സമരത്തിൽ പ്രതിലോമശക്തികൾക്കൊപ്പം സമുദായ സംഘടനകൾ ചേർന്നെന്നാണ് വിമർശനം.