കൊച്ചി: പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എംഎസ് ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികൾ പെൺകുട്ടികളെ വലയിലാക്കിയത്.
ചൊവ്വാഴ്ച കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ഗോകുലും ആതിരയും ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവന്റെ മാലയും, ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു. പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു.
ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടയിൽ പ്രതികൾ ഇതേ ദിവസം മറ്റൊരു പെൺകുട്ടിയെ കൂടി സമാനമായ രീതിയിൽ കവർച്ചയ്ക്കിരയാക്കിയതായി കണ്ടെത്തി.ഗോകുലിനെയും ആതിരയേയും അറസ്റ്റ് ചെയ്‌തെങ്കിലും കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.