ഹരിദ്വാർ: ഉത്തരാഖണ്ഡിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്. മേള അവസാനിപ്പിക്കാൻ തീരുമാനമെടുക്കണമെന്ന് അഖാഢ പരിഷത്തിനാേട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. അഖാഢ പരിഷത്തിന്റെ തീരുമാനം എന്താകുമെന്നതിൽ വ്യക്തതയില്ല. നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താൻ നിശ്ചയിച്ചിരുന്നത്. കുംഭമേള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
തീർത്ഥാടകർക്കുൾപ്പടെ കൊവിഡ് പടർന്നുപിടിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 1700ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിപ്പോർട്ടുചെയ്യപ്പെടാത്ത കേസുകൾ ഇനിയും ഉണ്ടെന്ന സംശയവും അധികൃതർക്കുണ്ട്. മേളയിൽ പങ്കെടുത്ത നിർവാനി അഖാഢയിലെ ഒരു പുരോഹിതൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇനിയും കുംഭമേള നീട്ടിക്കൊണ്ടുപോകുന്നത് ഗുരുതരമായ അവസ്ഥ ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ചടങ്ങുകൾ അവസാനിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ചടങ്ങുകൾ അവസാനിക്കുന്നതോടെ തീർത്ഥാടകർ മടങ്ങിപ്പോകും എന്ന പ്രതീക്ഷയും അവർക്കുണ്ട്. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.