ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജൂൺ ആദ്യവാരത്തോടെ പ്രതിദിനം 2,320 മരണങ്ങൾ ഉണ്ടായേക്കാമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് കൊവിഡ് 19 കമ്മീഷൻ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
കൊവിഡ് വ്യാപനം തടയാനുള്ള ചില നിർദേശങ്ങളും പഠന റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ കൊവിഡിന്റെ ആദ്യ തരംഗത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായത് ഓഗസ്റ്റ്- സെപ്തംബർ കാലയളവിലായിരുന്നു. ഈ സമയത്ത് വൈറസ് ബാധിതരുടെ 75ശതമാനവും 60-100 ജില്ലകളിൽ നിന്നായിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ ഇത് 20-40 ജില്ലകളിലായെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ പുതിയ കേസുകളുടെ വർദ്ധനവിന്റെ നിരക്ക് ഗണ്യമായി കൂടുതലാണ്.ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ദിനംപ്രതി 10,000 മുതൽ 80,000 വരെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സെപ്തംബറിൽ 83 ദിവസം കൊണ്ടായിരുന്നു ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്.രണ്ടാം തരംഗത്തിൽ മിക്കവർക്കും ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം താരതമ്യേന കുറവാണ്.
2.17 ലക്ഷം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.42 കോടി പിന്നിട്ടു.നിലവിൽ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1.74 ലക്ഷം പേർ മരിച്ചു.