marriage

വിവാഹ മോചനങ്ങളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തായ്‌വാനിലെ ഒരു യുവാവ് മൂന്ന് തവണ വിവാഹമോചനം നേടിയ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ വിവാഹ മോചനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു സ്ത്രീയെത്തന്നെയാണ് യുവാവ് മൂന്ന് തവണയും വിവാഹമോചനം ചെയ്തത്. അതെങ്ങനെ എന്നല്ലേ?

നാല് തവണയാണ് ഇയാൾ ഒരേ സ്ത്രീയെത്തന്നെ വിവാഹം കഴിച്ചത്. അതിന് പിന്നിൽ രസകരമായ ഒരു കാരണവുമുണ്ട്. തായ്‌പേയിലെ നിയമം അനുസരിച്ച് ഒരു ജീവനക്കാരൻ വിവാഹം കഴിക്കുമ്പോൾ എട്ട് ദിവസത്തെ അവധിയ്ക്ക് അവകാശമുണ്ട്.

ബാങ്ക് യുവാവിന് എട്ട് ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു. എട്ട് ദിവസം കഴിഞ്ഞപ്പോൾ തിരിച്ച് ജോലിയ്ക്ക് കയറാൻ ഒരു മടി. തുടർന്ന് ഈ സ്ത്രീയെ വിവാഹം മോചനം ചെയ്ത് വീണ്ടും വിവാഹം ചെയ്തു.മൂന്ന് തവണ ഇത് തന്നെ ആവർത്തിച്ചു.

അങ്ങനെ നാലാമതും വിവാഹം കഴിഞ്ഞു. 32 ദിവസത്തെ അവധിയ്ക്ക് ശേഷമാണ് യുവാവ് തിരിച്ച് ജോലിയ്‌ക്കെത്തിയത്. എന്നാൽ എട്ട് ദിവസം മാത്രമേ അവധി നൽകാൻ സാധിക്കൂവെന്ന് അധികൃതർ ഇയാളോട് പറഞ്ഞു. തുടർന്ന് ഇയാൾ തായ്‌പേയ് സിറ്റി ലേബർ ബ്യൂറോയിൽ ബാങ്കിനെതിരെ കേസ് കൊടുത്തു. ലേബർ ലീവ് റൂൾ ആർട്ടിക്കിൾ 2 പ്രകാരം വിവാഹിതനാകുന്ന ജീവനക്കാരന് എട്ട് ദിവസത്തെ അവധിക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേസ്. താൻ നാല് തവണ വിവാഹം കഴിച്ചുവെന്നും വ്യക്തമാക്കുന്ന രേഖകൾ സഹിതമാണ് പരാതി കൊടുത്തത്. ലേബർ നിയമം പാലിക്കാത്തതിന് ബാങ്കിന് പിഴയിട്ടതായി റിപ്പോർട്ട് ഉണ്ട്.