മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി അദ്ധ്യാപക നിയമനത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. ചെന്നൈ ഐഐടിയിലെ ഡോ പ്രമോദ്.കെ നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 116 അദ്ധ്യാപക തസ്‌തികയിലേക്കുളള വിജ്ഞാപനം പുറപ്പെടുവിച്ച സമയത്തും നിയമനം നടത്തിയ സമയത്തും സംവരണപട്ടിക പുറത്തിറക്കണമെന്ന യുജിസി ചട്ടം മറികടന്നു എന്നതായിരുന്നു പരാതി. ഭിന്നശേഷി സംവരണവും അദ്ധ്യാപക നിയമനത്തിൽ അട്ടിമറിക്കപ്പെട്ടിരുന്നു.
അദ്ധ്യാപക നിയമനത്തിലെ അഭിമുഖത്തിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ അപേക്ഷയിൽ മാർക്ക് വിവരം വെളിപ്പെടുത്തുന്നത് ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവനും ശാരീരിക സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് വിചിത്രമായ മറുപടിയാണ് സർവകലാശാല നൽകിയത്. മലയാളം, എജ്യുക്കേഷൻ പഠന വകുപ്പുകളിൽ അസിസ്‌റ്റന്റ് പ്രൊഫസർ നിയമനത്തിനുളള അഭിമുഖ പരീക്ഷയിൽ ഓരോ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്ക് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഇങ്ങനെ മറുപടി കിട്ടിയത്. വിവരാവകാശ നിയമത്തിലെ അതീവ ഗൗരവസ്വഭാവമുളള വിവരങ്ങൾ കൈമാറുന്നത് വിലക്കുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സർവകലാശാലയുടെ ഈ മറുപടി.