കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി കെ എം ഷാജി എം എൽ എ വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെ തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് അദ്ദേഹം എത്തിയത്. ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കഴിഞ്ഞദിവസം ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.
രണ്ട്ദിവസം മുമ്പ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു. ഇതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഷാജിയോട് ആവശ്യപ്പെട്ടത്. ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച 77 രേഖകൾ അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കും. വീട്ടിൽ നിന്ന് പിടിച്ചെടുത്ത 500 ഗ്രാം സ്വർണവും വിദേശകറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാലായിരുന്നു ഇത്. 2011 മുതൽ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
എന്നാൽ, പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. തന്നെ മുഖ്യമന്ത്രി മനപൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്നും ഷാജി ആരോപിച്ചിരുന്നു. 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂർക്കുന്നിലെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.