nirakathir-

സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളിൽ സാമ്പത്തിക വികസന മാതൃകയെക്കുറിച്ചും പൊതുമേഖലയെക്കുറിച്ചും ഭാരതം രൂപപ്പെടുത്തിയ ആശയങ്ങളിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കൈമുദ്ര പതിഞ്ഞു കിടപ്പുണ്ട്. സ്വകാര്യമൂലധനം തുലോം ദുർലഭവും അടിസ്ഥാനസൗകര്യങ്ങൾ പരിമിതവുമായിരുന്ന ആ നാളുകളിൽ പൊതുമേഖലയുടെ വിപുലീകരണത്തിലൂടെയും ശാക്തീകരണത്തിലൂടെയുമല്ലാതെ, കൊളോണിയൽ ഭരണത്തിൽ രക്തം വാർന്നുപോയ ഇന്ത്യയ്‌ക്ക് കാലുറപ്പിക്കാൻ കഴിയുമായിരുന്നില്ല.
വൈദ്യുതി ഉത്പാദനം, ഉരുക്ക് ഉത്‌പാദനം തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം സർക്കാർ സ്ഥാപനങ്ങൾ നിലവിൽ വന്നു. വ്യവസായങ്ങൾ ആരംഭിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ വളരാനുമുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുകയുണ്ടായി. ആദ്യ ദശകങ്ങളിൽ വളർച്ചയുടെ രാസത്വരകങ്ങളായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കാലക്രമേണ സ്ഥൂലിക്കുകയും അവയിൽ പലതും ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുകയും അവയുടെ സാമൂഹ്യ ലക്ഷ്യങ്ങളിൽ നിന്ന്
വ്യതിചലിക്കുകയും ചെയ്യാൻ തുടങ്ങി. അവയെ നിലനിറുത്താനായി ഭീമമായ
തുകകൾ ഓരോ വർഷവും സർക്കാരുകൾക്ക് ചെലവിടേണ്ടി വന്നു. അങ്ങനെ പല പൊതുമേഖലാ സ്ഥാപനങ്ങളും നികുതിദായകന് ഭാരമാകാൻ തുടങ്ങി. പല പൊതുമേഖലാ സ്ഥാപനങ്ങളുടേതിനെക്കാൾ മികച്ച ഉത്‌പന്നങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉത്‌പാദിപ്പിക്കാൻ തുടങ്ങി.
വികസന പ്രവർത്തനങ്ങൾക്കും ദേശീയ സുരക്ഷയ്ക്കുമൊക്കെ വേണ്ട പണം ആവശ്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‌‌പിനായി മാറ്റി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലും, ലോകത്തു തന്നെ സംജാതമായ സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും 1991ലെ ബജറ്റിൽ സ്വകാര്യവത്‌കരണവും ഉദാരവത്കരണവും കേന്ദ്ര സർക്കാരിന്റെ അംഗീകൃത നയമായി മാറി. എന്നാൽ, എല്ലാ മേഖലകളിൽ നിന്നും സർക്കാർ പിൻവലിയണമെന്ന ആശയത്തിന് അന്നൊന്നും വലിയ പ്രാമുഖ്യമുണ്ടായില്ല. പൊതുമേഖലയ്ക്കു വേണ്ടി മാറ്റിവച്ചിരുന്ന ചില മേഖലകളിൽ സ്വകാര്യസംരഭകർക്കു പ്രവേശനം നൽകിയും, സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിച്ചും, പൊതുതാത്‌പര്യം സംരക്ഷിക്കാൻ വേണ്ട സ്ഥാപനങ്ങളെ പരിരക്ഷിച്ചും ആയിരുന്നു ആദ്യകാല സ്വകാര്യവത്‌കരണം.
സ്വകാര്യവത്‌കരണം രാജ്യത്തിന് ഗുണം ചെയ്തിട്ടില്ലെന്നോ കണ്ണടച്ച് എതിർക്കേണ്ടതാണെന്നോ അല്ല. സാധാരണ ജീവിതത്തെ ബാധിക്കുന്ന ഒരുപാട് മേഖലകളിൽ സ്വകാര്യസ്ഥാപനങ്ങൾ കൊണ്ടും ഉദാരവത്‌കരണം കൊണ്ടും പ്രയോജനമുണ്ടായി. എന്നാൽ, ആരോഗ്യം വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ സ്വകാര്യ സംരംഭകരുടെ താത്‌പര്യം പണമുണ്ടാക്കുക എന്നത് മാത്രമായി മാറുന്ന കാഴ്ച അപൂർവമല്ല. സോപ്പ് നിർമ്മാണത്തിലും ഹെയർ ഓയിൽ നിർമ്മാണത്തിലും ബിസ്‌കറ്റ് നിർമ്മാണത്തിലും സർക്കാർ ഇടപെടേണ്ടതില്ല. പക്ഷേ, അരക്ഷിതരായ
ജനങ്ങൾ സ്വകാര്യമേഖലയുടെ ചൂഷണങ്ങൾക്ക് വിധേയരാവുന്നില്ലെന്നു
ഉറപ്പു വരുത്താനുള്ള ചുമതലയിൽ നിന്ന് ജനാധിപത്യ സർക്കാരുകൾക്കു
ഒഴിഞ്ഞു മാറാനാവില്ല. കളിയിൽ റഫറിയുടെ സ്ഥാനത്തു നില്ക്കാൻ
സർക്കാരിനും, സർക്കാർ നിയമനിർമ്മാണം വഴി അധികാരം നൽകുന്ന
സ്ഥാപനങ്ങൾക്കും മാത്രമേ കഴിയൂ. അതിന് സർക്കാരുകൾക്കല്ലാതെ
ആർക്കുമില്ലല്ലോ അവകാശവും അധികാരവും.
ലാഭമുണ്ടാക്കലാണ് സ്വകാര്യ മേഖലയുടെ ആത്യന്തികമായ ലക്ഷ്യം
എന്നിരിക്കേ, (അതിൽ തെറ്റുണ്ടെന്നല്ല) ആ ലാഭം വളർത്താൻ
സംരംഭകരും സ്ഥാപനങ്ങളും പലതും ചെയ്യാൻ പ്രേരിതമായെന്നിരിക്കും. ആ
പ്രേരണയെ ജനപക്ഷത്തു നിന്നും ചെറുക്കൻ ഫലപ്രദമായ സർക്കാർ
ക്രമീകരണങ്ങൾ വേണം. ബാങ്കുകളെ ക്രമീകരിക്കാൻ റിസർവ് ബാങ്ക്
പോലെ, ഓഹരി ഇടപാടുകൾ നിയന്ത്രിക്കാൻ സെബി (SEBI)പോലെ,
ടെലിഫോൺ മേഖലയെ നിയന്ത്രിക്കാൻ TRAAI പോലെ നിയമത്തിന്റെ
പിൻബലവും പ്രവർത്തന സ്വാതന്ത്ര്യവുമുള്ള റെഗുലേറ്റർ സംവിധാനങ്ങളുടെ
അഭാവത്തിലുള്ള ഏതു സ്വകാര്യവത്‌കരണവും, പൊതുമേഖലയുടെ
ധൃതിപിടിച്ചുള്ള തിരോധാനവും സാധാരണക്കാരന്റെ ജീവിതത്തെ
കൂടുതൽ ദുർബ്ബലവും ദുസഹവും ചൂഷണ വിധേയവുമാക്കുകയേയുള്ളൂ.
പ്രയോജനമില്ലാത്ത പൊതുമേഖലാസ്ഥാപനങ്ങളെ വർഷാവർഷം
തീറ്റിപ്പോറ്റാൻ വേണ്ടി വരുന്ന പണം ലാഭിക്കാനാവുന്നത് നല്ലത്. അങ്ങനെ
ലാഭിച്ച പണം പൊതുവിദ്യാഭ്യാസത്തിനും, ശിശുക്കളുടെ,
പോഷകാഹാരത്തിനും, പട്ടിണി നിവാരണത്തിനും
പ്രാഥമികാരോഗ്യരക്ഷയ്ക്കും വേണ്ടി വിനിയോഗിക്കാം എന്നതാണ്
സ്വകാര്യവത്‌കരണത്തിന്റെ യുക്തി. കാരണം ഇവയൊന്നും സാമ്പത്തിക
ലാഭമുണ്ടാവുന്ന പ്രവർത്തനങ്ങളല്ല. സാമൂഹ്യ മൂലധന
നിർമ്മിതിയാണിതെല്ലാം. സ്വാഭാവികമായും, ലാഭം ആഗ്രഹിക്കുന്ന സ്വകാര്യ
സംരംഭകരെ അവ ആകർഷിക്കുകയില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ
വിറ്റും, പല മേഖലകളിൽ നിന്ന് പിൻവാങ്ങിയും സർക്കാർ
വിഭവസമാഹരണം നടത്തുന്നത്, ദുർബല പൗരസമൂഹങ്ങളെ
സംരക്ഷിക്കാനായിരിക്കണം. അതിനു മാത്രമായിരിക്കണം. ആ ബാദ്ധ്യത
നിറവേറ്റുന്ന നയത്തിന്റെ ഭാഗമായി മാത്രമേ അധിക വിഭവ സമാഹരണത്തിനു വേണ്ടി പൊതുമേഖലയെ വിൽക്കുന്ന നയത്തെ കാണാനും നീതീകരിക്കാനുമാവൂ. വിശേഷിച്ച് ലാഭത്തിൽ നടക്കുന്ന സ്ഥാപനങ്ങൾ വിൽക്കുന്നതിന് ധാർമ്മികമായ വിശദീകരണവും നീതീകരണവും വേണം. (നികുതിപ്പണം കൊണ്ട് സൃഷ്ടിച്ചെടുത്തവായണല്ലോ ആ സ്ഥാപനങ്ങളെല്ലാം.)
പണമുണ്ടാക്കാൻ വേണ്ടി മാത്രം പൊതുമേഖലാ സ്ഥാപനങ്ങളും
അവയോട് ചേർന്ന ഭൂമിയുമൊക്കെ വിൽക്കാൻ (ഒട്ടൊരു നിർബന്ധബുദ്ധിയോടെ) സർക്കാർ തുനിയുമ്പോൾ, ഈ പണമൊക്കെ എന്തിനു വേണ്ടി വിനിയോഗിക്കാൻ പോകുന്നു എന്ന് കൂടി അറിയാൻ ജനങ്ങൾക്ക് സ്വാഭാവികമായ അവകാശമുണ്ട്.
സ്വകാര്യ മേഖല വന്നോട്ടെ; പക്ഷേ ജനങ്ങൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന്
ഉറപ്പു വരുത്തുന്ന നിയന്ത്രണ സംവിധാനങ്ങൾ സർക്കാർ ഉറപ്പാക്കണം.
(ലാഭത്തിൽ നടക്കുന്ന അഭിമാനാർഹമായ) പൊതുമേഖലാ സ്ഥാപനങ്ങൾ
വിറ്റോളൂ; പക്ഷേ അങ്ങനെ സമാഹരിക്കുന്ന പണം കൊണ്ട് ദുർബലരായ
ഭാരതീയർക്ക് എന്താണ് പ്രയോജനം എന്ന് ജനങ്ങളോട് പറയണം. ഈ
രണ്ടു കാര്യങ്ങൾ ചെയ്യാത്ത സ്വകാര്യവത്‌കരണം ഉത്തരങ്ങളേക്കാൾ
ചോദ്യങ്ങൾ ബാക്കിയാക്കുന്നു.