സ്മാർട്ട്ഫോണുകളിൽ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് ചിലപ്പോഴെങ്കിലും ഭവിഷ്യത്തായി മാറാറുണ്ട്. സ്മാർട്ട്ഫോണും ഒരു ഇലക്ട്രോണിക് ഉപകരണമായതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും പിശകുകൾ സംഭവിച്ചേക്കാം എന്നത് സ്വാഭാവികം മാത്രം. ചിലപ്പോഴെങ്കിലും സർവീസ് സെന്ററിലെ ജീവനക്കാർക്ക് ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഡേറ്റകൾ നഷ്ടമാകുമെന്ന് ഭയപ്പെടാത്തവർ ചുരുക്കമാണ്. അത് കൊണ്ടാണ് എ.ടി.എം നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വകാര്യ ഫോട്ടോകൾ തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത് എന്ന് പറയുന്നത്. എന്നാൽ, ഇതൊന്നും സാരമാക്കാതെ ഫോണിൽ തന്നെ സുപ്രധാന വിവരങ്ങൾ സൂക്ഷിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സംഭവമാണ് ഇനി പറയുന്നത്.
ഇത്തരത്തിൽ സ്വകാര്യവിവരങ്ങൾ ഫോണിൽ തന്നെ സൂക്ഷിക്കുന്ന ഒരു യുവാവിന് പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കാമുകിയുമായുള്ള സ്വകാര്യനിമിഷങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നു ഇയാൾ. അമിതമായ ഫോൺ ഉപയോഗത്തിൽ സംശയം തോന്നിയ ഭാര്യ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കാൻ ശ്രമിച്ചതോടെ ഫോൺ യുവാവ് താഴെയിട്ടു. ഡിസ്പ്ലേയ്ക്കാണ് തകരാർ സംഭവിച്ചത്. ഫോണിന്റെ കീഴ്ഭാഗം പൊട്ടുകയും ചെയ്തു. തുടർന്ന് ഭാര്യയുടെ നിർബന്ധപ്രകാരം ഉടനെ രണ്ടു പേരും ചേർന്ന് ഫോൺ നന്നാക്കാൻ റിപ്പയറിംഗ് സെന്ററിലെത്തി. ഉടൻ ഫോൺ നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂറിനകം റിപ്പയർ ചെയ്ത് തരാമെന്ന് പറഞ്ഞു.
ഫോൺ നന്നാക്കാൻ ബാക് പാനൽ അഴിച്ച സർവീസ് സെന്റർ ജീവനക്കാരൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കുറച്ച് പണവും ഒപ്പം ഒരു കത്തും. ഉപഭോക്താവിന് എത്രയും വേഗം ഫോൺ നന്നാക്കി മടക്കി നൽകാൻ ജോലി തുടങ്ങിയ ജീവനക്കാരനോട് പണത്തോടൊപ്പമുള്ള കുറിപ്പിൽ അതിനു നേരെ വിപരീതമായി പ്രവർത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
'ദയവ് ചെയ്ത് ഈ ഫോൺ നന്നാക്കരുത്. എന്റെ ഭാര്യ ഉറപ്പായും എന്നെ തല്ലിക്കൊല്ലും. ഇതോടൊപ്പമുള്ള 200 ഡോളർ നിങ്ങൾക്കുള്ളതാണ്, ഇതൊരപേക്ഷയായി കണ്ട് ഫോൺ നന്നാക്കരുത്, നന്ദി' എന്നതാണ് പണത്തോടൊപ്പമുള്ള കുറിപ്പിലെ ഉള്ളടക്കം. തങ്ങളുടെ ഗേൾഫ്രണ്ട്സിനെ നൈസായി പറ്റിക്കുന്ന ഉപഭോക്താക്കളെ എനിക്കൊരുപാട് ഇഷ്ടമാണ് എന്ന തലക്കെട്ടോടെയാണ് സർവീസ് സെന്റർ ജീവനക്കാരൻ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്ക് ഇതിനോടകം 1.6 മില്യൺ ലൈക്കുകളും 10,000ൽ അധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.