mashroom3

പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യന്‍ കണ്ടെത്തിയതിനേക്കാള്‍ എത്രയോ ഇരട്ടി രഹസ്യങ്ങള്‍ ഇനിയും പ്രകൃതിയില്‍ കണ്ടു പിടിക്കപ്പെടാതെ തുടരുകയാണ്. ചില രഹസ്യങ്ങള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വനവാസികളായ മനുഷ്യര്‍ക്ക് അറിയാമെങ്കിലും ആ അറിവ് ലോകത്തിന് ഇന്നും അന്യമായി തന്നെ തുടരുകയാണ്. അത്തരത്തിലൊരു കണ്ടെത്തലാണ് മേഘാലയയിലെ വാനന്തരങ്ങളില്‍ പഠനത്തിനെത്തിയ ശാസ്ത്രജ്ഞര്‍ നടത്തിയത്. രാത്രിയില്‍ പ്രകാശിക്കുന്ന ഒരു തരം കൂണ്‍ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിരിക്കുകയാണ്. എന്നാല്‍ ഇതില്‍ രസകരമായ വസ്തു എന്തെന്നാല്‍ ഇത്തരം കൂണിനെ കുറിച്ച് അവിടെത്തെ തദ്ദേശീയ വനവാസികള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നതാണ്. അവര്‍ ഈ കൂണുകള്‍ രാത്രി സഞ്ചാരത്തിടെ പ്രകാശം ലഭിക്കാന്‍ ടോര്‍ച്ചായി ഉപയോഗിക്കുന്നവയാണ്.

mashroom2

അസമിലെ കാടുകളില്‍ പഠനത്തിനെത്തിയ ഇന്ത്യ-ചൈന ഗവേഷണ സംഘത്തോട് മേഘാലയിലെ പ്രകാശം പരത്തുന്ന കൂണുകളെകുറിച്ച് ചില വനവാസികൾ സൂചന നൽകി. തുടര്‍ന്ന് അവര്‍ മേഘാലയയിലെ വെസ്റ്റ് ജയിന്റീന ഹില്‍സ് ജില്ലയില്‍ എത്തുന്നത്. അവിടത്തെ തദ്ദേശവാസികളുടെ സഹായത്തോടെയാണ് അവര്‍ ഇലക്ട്രിക് മഷ്‌റൂം എന്ന് വിളിക്കുന്ന പ്രകാശം പരത്തുന്ന കൂണ്‍ കണ്ടെത്തുന്നത്. മുളക്കാടുകള്‍ക്കിടയിലാണ് കൂണുകള്‍ വളരുന്നത്. രാത്രിയാകുമ്പോള്‍ പച്ച നിറത്തില്‍ പ്രകാശിക്കും. ഈ പ്രതിഭാസത്തെ ബയോലുമിനെസെന്‍സ് എന്നാണ് ശാസ്ത്ര ലോകം വിളിക്കുന്നത്.

mashroom1

ഒരു ലക്ഷത്തിലധികം കൂണ്‍ വര്‍ഗങ്ങളാണ് ലോകത്ത് ആകെയുള്ളത്. ഇതില്‍ 97 ഇനം കൂണ്‍ വര്‍ഗങ്ങള്‍ക്ക് തിളങ്ങാനുള്ള കഴിവുണ്ട്. അത്തരത്തിലൊരു സ്പിഷീസാണ് മേഘലായയില്‍ കണ്ടെത്തിയത്. ഇവയുടെ തണ്ടാണ് പ്രകാശം നല്‍കുന്നത്. ചീഞ്ഞു തുടങ്ങിയ മുളകളില്‍ മാത്രമാണ് ഇത്തരം കൂണുകള്‍ വളരുന്നതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്ന പഠനത്തിലാണ് നിലവില്‍ അവര്‍.

ഇന്ത്യയില്‍ തിളങ്ങുന്ന കൂണ്‍ കണ്ടെത്തുന്നത് ആദ്യമായിയല്ല. നേരത്തെയും രണ്ട് കൂണുകള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് നമ്മുടെ കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ നിന്നാണ്. മറ്റൊന്ന് ഗോവയുടെ ഭാഗമായ പശ്ചിമഘട്ട മേഖലയില്‍ നിന്നും. അതുകൊണ്ടു തന്നെ ഇനിയും ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളില്‍ തിളങ്ങുന്ന കൂണ്‍ വര്‍ഗങ്ങള്‍ ഉണ്ടാകാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.