covid

തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഉണ്ടായ ഏറ്റവും കൂടിയ ഉയർച്ച. 800 പേർക്കാണ് വ്യാഴാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

512 പേർക്ക് മാത്രമായിരുന്നു രോഗമുക്തി. അടുത്തിടെ രോഗബാധിതരുടെ എണ്ണത്തെക്കാൾ കൂടുതൽ രോഗികളാണെന്നതും ആശങ്ക ഉയർത്തുന്നുണ്ട്. 5,280 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചു. ആകെ 21,663 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. സ‌ർക്കാരിന്റെ 'ബ്രേക്ക് ദ ചെയിൻ കാമ്പെയിൻ" നിർജീവമായതും ഇതിന് തുടർച്ചയായി ഉണ്ടായിരുന്ന പൊലീസ് പരിശോധനകൾ നടക്കാത്തതും കൊവിഡിന്റെ രണ്ടാംവരവിന് വഴിവെട്ടി. തിരഞ്ഞെടുപ്പ് റാലികളും പ്രചാരണവും കൂട്ടായ്മകളും ആക്കംകൂട്ടി. എ.ടി.എം അടക്കമുള്ളയിടങ്ങളിൽ അവശേഷിച്ച ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ ഇന്ധനമായി. വീണ് കിട്ടിയ ഇളവുകൾ ദുരുപയോഗം ചെയ്‌തതും അലസമായ മാസ്ക് ധരിക്കലും കൂട്ടം ചേരലുകളും വ്യാപന കാരണങ്ങളിലൊന്നായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,491 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് ദിവസവും രോഗികളുടെ എണ്ണം 500 കടക്കുകയും ചെയ്തു. ജില്ലയിൽ അതിവേഗം രോഗം പടരുന്നു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. 908 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

 ലക്ഷ്യ നിറവേറുമോ?​

കൊവിഡ് നിയന്ത്രണമില്ലാതെ കുതിക്കുന്ന സാഹചര്യത്തിൽ ഇന്നലെയും ഇന്നുമായി 22,​600 പേരെ പരിശോധിക്കാനാണ് ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തുന്നത്.

ഒരു ദിവസം 11,300 പേർക്ക് കൊവിഡ് പരിശോധന നടത്തുക എന്ന ലക്ഷ്യത്തിലാണ് ക്രമീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നതെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടറിയണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പരിശോധിക്കുന്നുണ്ട്. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവർ, ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തി പരിശോധന നടത്തും. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിംഗ് യൂണിറ്റുകളും ഉപയോഗപ്പെടുത്തുണ്ട്.

 30 മൊബൈൽ ടീമുകൾ
30 മൊബൈൽ ടീമുകളെയാണ് പരിശോധനയ്ക്കായി ജില്ലാതലത്തിൽ നിയമിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 100 പേർക്ക് പരിശോധന നടത്തും. ഇതിനു പുറമെ ജില്ലയിലെ പി.എച്ച്.സി (പ്രതിദിനം 25 പേർക്ക് വീതം) സി.എച്ച്.സി.(പ്രതിദിനം 50 വീതം), താലൂക്ക് ആശുപത്രി (പ്രതിദിനം 100 വീതം), ജില്ലാ, ജനറൽ ആശുപത്രി (പ്രതിദിനം 250 വീതം) എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും. ആയുർവേദ ആശുപത്രികൾ, ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും പരിശോധനാ സൗകര്യമുണ്ടാകും.