zadir-beach

കടൽത്തീരത്തെ സംഗീത വിസ്മയം. അതാണ്,​ ക്രൊയേഷ്യയിലെ സാദർ ബീച്ച്. ആദ്യ കാഴ്ച്ചയിൽ കടൽത്തീരത്ത് നിർമ്മിച്ച മാർബിൾ പടിക്കെട്ടുകൾ,​ അത്രയേയുള്ളൂ. എന്നാൽ, കടൽത്തിരകൾ വന്നടിക്കുമ്പോഴുള്ള സംഗീതം ചുറ്റും കേൾക്കുമ്പോൾ മാത്രമാണ് ഈ പടികൾ ഒരു സംഗീതോപകരണം കൂടിയാണെന്ന തിരിച്ചറിവുണ്ടാകുന്നത്. വലിയ മാർബിൾ പടികൾക്കടിയിൽ ദ്വാരങ്ങളിട്ട് നിർമ്മിച്ച ഒരു പ്രത്യേകതരം പരീക്ഷണാത്മക സംഗീത ഉപകരണമാണ് ഇത്. ക്രൊയേഷ്യൻ ഭാഷയിൽ 'മോർസ്‌കെ ഓർഗുൾജെ' എന്നാണ് ഈ ഭീമൻ ഓർഗൻ അറിയപ്പെടുന്നത്.

രണ്ടാംലോക മഹായുദ്ധകാലത്ത് വളരെയേറെ നാശനഷ്ടങ്ങൾ സംഭവിച്ച ക്രൊയേഷ്യൻ നഗരമാണ് സാദർ. ഈ ബീച്ചിനെ പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആർക്കിടെക്റ്റ് നിക്കോള ബാസിക് ആണ് ഈ ഓർഗൻ നിർമ്മിച്ചത്. 2005 ഏപ്രിൽ 15നാണ് ഇവിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നുമുതൽ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് സംഗീതം പൊഴിക്കുന്ന പടിക്കെട്ടുകൾ. തിരമാലകൾ ആർത്തലച്ചെത്തുമ്പോൾ ഈ ഓർഗൻ ക്രമരഹിതമായതും എന്നാൽ, അത്യാകർഷണീയവുമായ ശബ്ദങ്ങളാണ് മീട്ടുന്നത്. തിമിംഗിലങ്ങളുടെ ശബ്ദത്തോട് ഈ പടിക്കെട്ടുകളുടെ സംഗീതത്തിന് സാമ്യമുണ്ട്.

വ്യത്യസ്ത നീളത്തിലും വലിപ്പത്തിലുമുള്ള 35 പോളിഎത്തിലീൻ പൈപ്പുകളാണ് ഈ 'സംഗീതം' സൃഷ്ടിക്കുന്നത്. ഇവയ്ക്കുള്ളിൽ അഞ്ച് ടോണുകളുള്ള ഏഴ് വിസിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. തിരമാലകൾ അടിക്കുമ്പോൾ ഉണ്ടാകുന്ന കാറ്റ്, ഇതിലേക്ക് പ്രവേശിക്കുമ്പോൾ അവയിൽ നിന്ന് ശബ്ദ വീചികൾ ഉണ്ടാകുന്നു. ഡാൽമേഷ്യൻ ക്ലാപ സംഗീതത്തോട് ചേർച്ചയുളള സംഗീതമാണിതെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തുന്നത്.

ഈ ഓർഗന് 70 മീറ്റർ നീളമുണ്ട്. ഏഴു സ്റ്റെപ്പുകളിലായിട്ടാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. സാദറിന്റെ തെക്കൻ ഭാഗത്തുള്ള ഈ പ്രദേശത്ത് അതിശക്തമായ കാറ്റും തിരമാലകളുമുണ്ട് എന്നതിനാലാണ് ഈ കലാസൃഷ്ടി ഇവിടെത്തന്നെ നിർമ്മിച്ചിരിക്കുന്നത്. സംഗീതം പൊഴിക്കാത്ത സമയത്തും തൂവെള്ള നിറത്തിലുള്ള ഈ മാർബിൾ പടിക്കെട്ടുകൾ കാണാൻ വളരെ മനോഹരമാണ്. സാദറിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ സൂര്യാസ്തമയക്കാഴ്ചകളാണ് സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. സൂര്യാസ്തമയത്തോടൊപ്പം വൈകുന്നേരങ്ങളിൽ, ഈ പടികളിൽ ഓറഞ്ച് നിറം വ്യാപിക്കുന്ന മായികക്കാഴ്ച കാണാൻ ആളുകൾ കൂട്ടത്തോടെ എത്താറുണ്ട്.

2006 ൽ മികച്ച കലാസൃഷ്ടികൾക്ക് നൽകുന്ന യൂറോപ്യൻ പ്രൈസ് ഫോർ അർബൻ പബ്ലിക് സ്‌പേസ് മോർസ്‌കെ ഓർഗുൾജെയെ തേടിയെത്തിയിരുന്നു. ബെൽജിയൻ പോർട്ടലായ യൂറോപ്സ് ബെസ്റ്റ് ഡെസ്റ്റിനേഷൻസ് ഡോട്ട് കോം സാദറിനെ 2016ലെ മികച്ച യൂറോപ്യൻ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിരുന്നു.