തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്.
പാർട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോൺ ബ്രിട്ടാസിന്റെ പേര് ആദ്യം മുതൽ തന്നെ സജീവമായിരുന്നു. പല തവണ ബ്രിട്ടാസിനെ രാജ്യസഭയിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാർട്ടി നേതാക്കൾ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ് തടസമായത്. എന്നാൽ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യമാണ് ബ്രിട്ടാസിന് തുണയായതെന്നാണ് സൂചന.
എസ് എഫ് ഐ മുൻ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമാണ് ഡോ വി ശിവദാസൻ. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളിൽ നിലവിലെ ധാരണ.
കർഷക സമരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കെ കെ രാഗേഷിന് വീണ്ടും അവസരം നൽകണമെന്ന് സി പി എമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ടായിരുന്നു. സി പി എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ഒരുഘട്ടത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പേരും ഉയർന്നുകേട്ടു.
യു ഡി എഫിൽ പി വി അബ്ദുൾ വഹാബാണ് സ്ഥാനാർത്ഥി. ഇന്ന് രാവിലെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ‌്തു. അടുത്ത ചൊവാഴ്ച വരെയാണ് നാമനിർദ്ദേശ പത്രിക നൽകാനുളള സമയം. ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്.