pakistan

ഇസ്ളാ‌മാബാദ്: രാജ്യത്താകമാനം സമൂഹ മാദ്ധ്യമങ്ങളെ വിലക്കി പാകിസ്ഥാൻ സർ‌ക്കാർ. സമൂഹ മാദ്ധ്യമങ്ങളായ ട്വി‌റ്റർ, ഫേസ്‌ബുക്ക്, യൂട്യൂബ്, വാട്‌സാപ്പ്, ടെലഗ്രാം എന്നിവ വെള‌ളിയാഴ്‌ച പകൽ 11 മുതൽ വൈകുന്നേരം മൂന്ന് മണി വരെ നിരോധിക്കാനാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സർക്കാർ ഉത്തരവനുസരിച്ച് പാകിസ്ഥാൻ ടെലിക‌മ്മ്യൂണിക്കേഷൻ അതോറി‌റ്റി സമൂഹമാദ്ധ്യമങ്ങളെ വിലക്കി.

അടിയന്തരമായി സമൂഹമാദ്ധ്യമങ്ങളെ വിലക്കണം എന്നായിരുന്നു സർക്കാർ നിർദ്ദേശം. മുൻപ് തെഹ്‌രീക്-ഇ-ലബായിക് പാകിസ്ഥാൻ പാർട്ടി (ടി.എൽ.പി)യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് സർക്കാർ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്റർനെ‌റ്റ്, മൊബൈൽ സർവീസുകൾ വിലക്കിയിരുന്നു. ഇന്ന് ടി.എൽ.പി പാർട്ടിയെ വിലക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് സർക്കാർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ വിലക്കിയത് എന്നാണ് സൂചന.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ വർഷം ഒക്‌ടോബർ മാസത്തിൽ ഹാസ്യമാസികയായ ചാർലി എബ്‌ദോയിൽ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ അനുകൂലിക്കുകയും ഇസ്ളാമിക ഭീകരവാദത്തിനെതിരെ പൊരുതാൻ പ്രതിജ്ഞാബദ്ധരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തതിനെതിരെ വലിയ പ്രതിഷേധമാണ് ടി.എൽ.പി നടത്തിയിരുന്നത്. തുടർന്ന് ഫ്രാൻസിനെതിരായ പ്രതിഷേധമായും പാകിസ്ഥാൻ സർക്കാരിനെതിരായ രൂക്ഷമായ സമരമായും പാർട്ടിയുടെ പ്രതിഷേധങ്ങൾ മാറി. ഏപ്രിൽ 20വരെ പാർട്ടി തൽക്കാലം സമരം നിർത്തിയിരിക്കുകയാണ്.

ഇതിനിടെ പാകിസ്ഥാനിൽ തുടരുന്ന തങ്ങളുടെ പൗരന്മാരോടും ഫ്രഞ്ച് കമ്പനികളോടും എത്രയും വേഗം രാജ്യം വിടാൻ ഫ്രഞ്ച് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.