കണ്ണൂർ: ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രിക്കസേര തെറിച്ച കെ.ടി. ജലീലിന്റെ പിറകെ തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാനാണ് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ എം.എൽ.എയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്നാണ് പരാതി.
യു.ജി.സി എച്ച്.ആർ.ഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റർവ്യൂ. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്റർവ്യൂ നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി. 2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവകലാശാല എച്ച്.ആർ.ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യു.ജി.സി വ്യവസ്ഥ അനുസരിച്ച് എച്ച്.ആർ.ഡി സെന്ററിലെ തസ്തികകൾ താത്ക്കാലികമാണെങ്കിലും അസി. ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.
ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത് എന്നതാണ് വിചിത്രമായ കാര്യം. കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്‌കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിൽ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഒരു സർവകലാശാലയിലെ എച്ച്.ആർ.ഡി സെന്ററിലും സ്ഥിരം നിയമനം നടത്താറില്ല.
എന്നാൽ, കണ്ണൂരിൽ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണെന്നാണ് ആരോപണം. ഷംസീറിന്റെ ഭാര്യ ടി.എം. ഷഹലക്ക് കാലിക്കറ്റ് സർവകലാശാലയിൽ അനധികൃത നിയമനം നൽകാൻ നീക്കമെന്നു കാണിച്ച് ജനുവരിയിലും പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയും ഗവർണറുടെ മുന്നിലെത്തിയിരുന്നു. കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ അപാകത ആരോപിച്ച് അന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണക്ക് പരാതി നൽകിയിരുന്നത്.യോഗ്യതയുളളവരെ മറികടന്ന് സി.പി.എം. നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകാൻ നീക്കം എന്നായിരുന്നു അന്നത്തെ പരാതി. ഷംസീറിന്റെ ഭാര്യയുടെ റിസർച്ച് ഗൈഡായിരുന്ന അദ്ധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ തിരുകിക്കയറ്റി നിയമനം നടത്താനായിരുന്നു നീക്കം നടന്നിരുന്നത്.