കല്ലമ്പലം: മക്കളില്ലാത്തതിന്റെ വിഷമവും വിരസതയും മാറാൻ കൃഷിയെ താലോലിച്ചു തുടങ്ങിയ വൃദ്ധ ദമ്പതികളുടെ വീട് ജൈവകൃഷിയാൽ സമൃദ്ധം. ഒറ്റൂർ പഞ്ചായത്തിലെ 3-ാം വാർഡിൽ മുള്ളറംകോട് ചെറുവള്ളികോണം തിരുവാതിരയിൽ ദിവകാരനും (66), ഭാര്യ സുജാത (55) യുമാണ് വാർദ്ധ്യക്യം മറന്ന് കൃഷിയിൽ പൊന്ന് വിളയിക്കുന്നത്. സ്വന്തമായുള്ള 16 സെന്റ് ഭൂമിയിലും, വീടിന്റെ ടെറസിലും ഒരു കൗതുകത്തിന് ചെറിയ രീതിയിൽ തുടങ്ങിയ കൃഷി സമീപത്തെ സഹോദരിയുടെ വസ്തുവിലും തൊട്ടടുത്ത് പാട്ടത്തിന് എടുത്ത ഒരുഏക്കർ ഭൂമിയിലേക്കും വ്യാപിപ്പിച്ചു.
ആട്, കോഴി, മത്സ്യം വളർത്തലിന് പുറമേ കോളിഫ്ലവർ, പയർ വർഗങ്ങൾ,ചീര തുടങ്ങി നാടൻ പച്ചക്കറികൾ, വിവിധയിനം വാഴകൾ എല്ലാം ഇവിടെ സുലഭമാണ്. കോഴിമുട്ടയ്ക്കും ആട്ടിൻ പാലിനും ആവശ്യക്കാർ ഏറെയാണ്.അൻപതോളം കോഴികളും 10 ആടുകളുമുണ്ട്. വീടിനോട് ചേർന്നുള്ള കുളത്തിൽ രണ്ടു വർഷം മുൻപാണ് മത്സ്യക്കൃഷി തുടങ്ങിയത്. രണ്ട് തവണ വിളവെടുപ്പ് നടത്തി. ആസാം വാളയുടെ കുഞ്ഞുങ്ങളെയാണ് കുളത്തിൽ മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. അതും ലാഭകരമാണ്.വിദേശത്തായിരുന്ന ദിവാകരൻ പത്ത് വർഷത്തിന് മുൻപാണ് നാട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. കൃഷിയിലേക്ക് തിരിഞ്ഞിട്ട് 9 വർഷമായി. വീട്ടാവശ്യത്തിനുള്ളത് കഴിഞ്ഞ് ബാക്കി കാർഷിക വിഭവങ്ങൾ വിൽക്കുകയാണ് പതിവ്.
പൂർണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിയായതിനാൽ ആവശ്യക്കാർ ഏറെയാണ്. ആവശ്യം കൂടിയതോടെ ഉത്പാദനവും കൂട്ടി. അതോടെ കൃഷി ആദായകരമായി മാറി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ പിന്തുണ ദിവാകരനുണ്ട്. വിത്തുകളൊക്കെ സൗജന്യമായാണ് പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നത്. ദിവാകരന്റെ കൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും നിരവധിപേരാണ് എത്തുന്നത്. 2017-18 വർഷത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പാക്കിയ സുജാതയ്ക്ക് കൃഷി വകുപ്പിന്റെ ജില്ലാതല അവാർഡ് ലഭിച്ചിരുന്നു.