ന്യൂഡല്‍ഹി: ഒൻപത് വര്‍ഷത്തിന് ശേഷം എല്‍ഐസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പിലാകുന്നു. 16 ശതമാനമാണ് ശമ്പളത്തില്‍ വര്‍ദ്ധന ലഭിക്കുക. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. ഒരുലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണംലഭിക്കും.
ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറച്ചിട്ടുണ്ട്. അതായത് ഞായറിനു പുറമെ ശനിയാഴ്ചയും ജീവനക്കാര്‍ക്ക് ഇനി മുതൽ അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവദിച്ചത്. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും അഡീഷണല്‍ സ്പെഷ്യല്‍ അലവന്‍സും അനുവദിച്ചിട്ടുണ്ട്. വിവിധ കേഡറിലുള്ളവര്‍ക്ക് 1,500 രൂപ മുതല്‍ 13,500 രൂപവരെ അധിക അലവന്‍സായി ലഭിക്കും.
2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എല്‍ഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണമെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം രണ്ടാം പകുതിയോടെ എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരുലക്ഷംകോടി രൂപയെങ്കിലും ഓഹരി വില്പനയിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ എല്‍ഐസിയില്‍ 100 ശതമാനം ഓഹരിയും കേന്ദ്ര സര്‍ക്കാരിന്റെ പക്കലാണ്. ലിസ്റ്റുചെയ്തു കഴിഞ്ഞാല്‍, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി എൽഐസി മാറാന്‍ സാദ്ധ്യതയുണ്ട്.