ലക്‌നൗ:അയാേദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന് സംഭാവനയായി ലഭിച്ചതിൽ 22 കോടിയുടെ വണ്ടിച്ചെക്ക്. ആകെ ലഭിച്ചതിൽ 15,000 ചെക്കുകളാണ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെന്ന കാരണത്താൽ മടങ്ങിയത്. വിശ്വഹിന്ദു പരിഷത്തും അനുബന്ധ സംഘടനകളും ശേഖരിച്ച് നൽകിയ ചെക്കുകളാണ് ഇവ. കേന്ദ്രസർക്കാർ രൂപീകരിച്ച ശ്രീ റാം ജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് വണ്ടിച്ചെക്കുകളെക്കുറിച്ചുള്ള വിവരം ഉള്ളത്.
മടങ്ങിയ ചെക്കുകളുടെ ഉടമസ്ഥർക്ക് പിശകുകൾ പരിഹരിക്കാൻ ബാങ്കുകൾ അവസരം നൽകുമെന്ന് ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു. ആകെയുള്ള വണ്ടിച്ചെക്കുകളിൽ രണ്ടായിരത്തോളം അയോദ്ധ്യയിൽ നിന്നുതന്നെ ശേഖരിച്ചതാണ്. മറ്റുള്ളവ രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ളതാണെന്നാണ് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദേവ് ഗിരി പറയുന്നത്.അക്കൗണ്ടിൽ പണമില്ലാത്തത് കൂടാതെ സാങ്കേതിക പിഴവുകൾ, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങൾ മൂലവും ചെക്കുകൾ മടങ്ങിയിട്ടുണ്ട്.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന ശേഖരിക്കുന്നതിനായി വിഎച്ച്പിയും മറ്റ് അനുബന്ധ സംഘടനകളും ഈ വർഷം ജനുവരി 15 നും ഫെബ്രുവരി 17 നും ഇടയിൽ കളക്ഷൻ ഡ്രൈവ് നടത്തിയിരുന്നു. ഇതിലൂടെ 2500 കോടി സമാഹരിക്കാൻ കഴിഞ്ഞിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യ സംഭാവന നൽകിയത്. അഞ്ച് ലക്ഷത്തി ആയിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. വ്യാപാരികൾ ഉൾപ്പെടെ കോടികളാണ് സംഭാവന നൽകിയത്.