fire-force

അഗ്നിബാധകളിൽ നിന്നും മറ്റേത് ദുരന്തങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിവരുന്ന വിഭാഗമാണ് അഗ്നിരക്ഷാസേന.1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന എസ്.എസ്.ഫോർട്ട് സ്റ്റിക്കൈൻ എന്ന കപ്പലിലെ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്‌ഫോടനത്തിലും ഒട്ടേറെ മനുഷ്യർ മരണപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ അഗ്നിക്കിരയായി. സ്‌ഫോടക വസ്തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അഗ്നിരക്ഷാസേന പല വിഭാഗങ്ങളായി തിരിഞ്ഞ് തങ്ങളുടെ കർത്തവ്യ നിർവഹണത്തിലേർപ്പെട്ടു. ഈ തീപിടിത്തത്തിൽ മരണമടഞ്ഞ 66 അഗ്നിരക്ഷാ സേനാംഗങ്ങളുടെ ഓർമ്മയ്ക്കായാണ് ഏപ്രിൽ 14 ഫയർഡേ ആയി ആചരിക്കുന്നത്. പൊതുജനങ്ങളിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ഫയർഡേയുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കാറുണ്ട്. ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് അഗ്നിരക്ഷാ ഉപകരണങ്ങളുടെ ശരിയായ പരിപാലനം എന്നതാണ് ഈ വർഷത്തെ അഗ്നിരക്ഷാദിന സന്ദേശം. അഗ്നിസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും വിവിധതരം അഗ്നിശമന സംവിധാനങ്ങൾ സ്ഥാപിക്കാറുണ്ട്. അഗ്നിശമന സംവിധാനങ്ങൾ ശരിയായി പരിപാലിക്കുകയും അത് പ്രവർത്തിപ്പിക്കുന്നത് അറിഞ്ഞിരിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ ഫലപ്രദമായി അവശ്യസമയത്ത് ഉപയോഗിക്കാൻ സാധിക്കൂ.
കെട്ടിടനിർമ്മാണ സമയത്ത് സ്ഥാപിക്കുന്ന സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ ശരിയായ പരിപാലനം ഇല്ലാതെ ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യം സംസ്ഥാനത്തുടനീളം വിവിധ കെട്ടിടങ്ങളിൽ കാണുന്നുണ്ട്. സർവീസ് ലിഫ്റ്റിലും അഗ്നിരക്ഷാ മാർഗങ്ങളിലുമൊക്കെ സാധനങ്ങൾ കൂട്ടിയിടുക, അഗ്നിരക്ഷാ വാഹനങ്ങൾ എത്താനുള്ള വഴി ഒഴിച്ചിടാതിരിക്കുക, അവ പ്രവർത്തിപ്പിക്കാനുള്ള ജലം കരുതാതിരിയ്ക്കുക, ഒക്കെ അപകടങ്ങൾ ക്ഷണിച്ചു വരുത്തലാണ്. കെട്ടിടത്തിന് അഗ്നിസുരക്ഷയ്ക്കും കെട്ടിടത്തിൽ അധിവസിക്കുന്നവരുടെ ജീവന്റെ സുരക്ഷയ്ക്കുമായി

സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങളാണ് ഇവ എന്നു മനസിലാക്കി അർഹിക്കുന്ന പ്രാധാന്യത്തോടെ അഗ്നിരക്ഷാ സംവിധാനങ്ങൾ പരിപാലിക്കേണ്ടതിന്റെ ആവശ്യകത നാം ഉൾക്കൊള്ളേണ്ടതുണ്ട്. പഴക്കം ചെന്ന കെട്ടിടങ്ങളിലെ ഇലക്ട്രിക് വയറിംഗുകൾ പലപ്പോഴും ഷോർട്ട് സർക്യൂട്ടിനു കാരണമാകാറുണ്ട്. ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യാതെ കെട്ടിടം പൂട്ടിപോകുമ്പോൾ ഇത്തരം അപകടങ്ങളുണ്ടാകുന്നു.

നമ്മുടെ നാട്ടിൽ വളരെ ഉയരമുള്ള കെട്ടിടങ്ങൾ വന്നുതുടങ്ങിയിട്ട് പതിനഞ്ചു വർഷത്തിലേറെയായി. ഇത്തരം ഫ്ളാറ്റുകളിലും മറ്റും പതിയിരിയ്ക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക് ഫിറ്റിംഗുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. വിളക്കും മെഴുകുതിരിയും മറ്റും കത്തിച്ചുവച്ചു പോകുമ്പോഴും തീപിടിച്ച് അപകടങ്ങളുണ്ടാകുന്നു. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി പല അപകടങ്ങളുമുണ്ടാകുന്നുണ്ട്. ജനാലയും വെന്റിലേഷനും തുറക്കാതെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതും സിലിണ്ടർ ഓഫാക്കാതെ പോകുന്നതുമൊക്കെ അപകടം ക്ഷണിച്ചു വരുത്തലാണ്.
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. കൊവിഡ് കാലത്ത് ഒൻപത് ലക്ഷം സ്ഥലങ്ങളിലായിരുന്നു അണുനശീകരണം നടത്തിയത്. ജലാശയ അപകടങ്ങളിൽ രണ്ടായിരത്തിലേറെ പേരാണു കേരളത്തിൽ ഓരോ വർഷവും മരണമടയുന്നത്. ഇതിൽ കൂടുതലും കുട്ടികളാണ് പെട്ടുപോകുന്നത്. ഇതു തടയാനായി സ്‌കൂൾ സിലബസിൽ സുരക്ഷാ പാഠങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. ജലാശയ അപകട ബോധവത്‌കരണം സേന വിപുലമായി നടത്തുന്നുണ്ട്. മുൻകരുതലില്ലാതെ ജലാശയങ്ങളിലിറങ്ങുന്നത് ഒഴിവാക്കണം. നമ്മുടെ ഹൈവേയിലൂടെ കടന്നുപോയ രാസവസ്തു നിറച്ച ടാങ്കർ ഒരിയ്ക്കൽ അപകടത്തിൽപ്പെട്ടു. ഹൈവേയ്ക്കരികിൽ താമസിക്കുന്ന ഒരു വീട്ടുകാർ ലൈറ്റ് ഓൺ ചെയ്തു. തീ പടർന്ന് ആ വീട്ടുകാർ മരണമടഞ്ഞു. നാം താമസിക്കുന്നത് കെമിക്കൽ ഫാക്ടറിയോ സ്റ്റോറേജോ ഉള്ളയിടത്തോ ഹൈവേയുടെ ഓരത്തോ ആയിരിക്കാം. അവിടെ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ നേരിടുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. അഗ്നിബാധകളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും പൊതുജനത്തിന് സംരക്ഷണം നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി വിവിധ പദ്ധതികൾ അഗ്നിരക്ഷാവകുപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. സുരക്ഷാ അവബോധം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജനസംഖ്യയുടെ ഒരു ശതമാനം സിവിൽ ഡിഫൻസ് വോളന്റിയർമാർ വേണം. സിവിൽ ഡിഫൻസ് സന്നദ്ധസേവകർക്ക് അഗ്നിരക്ഷാ വകുപ്പ് പരിശീലനം നൽകിവരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം ജീവൻ രക്ഷപ്പെടുത്തുന്നതിനായി എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന സമയത്ത്, സുരക്ഷിത സ്ഥലത്തു നിന്നും അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി പോകുന്ന വിഭാഗമാണ് അഗ്നിരക്ഷാ വകുപ്പ്. ഏറെ ജീവനുകൾ ഭൂമിയിൽ ഉറപ്പിച്ചു നിറുത്തുന്നതിനുള്ള പ്രയത്നത്തിനിടെ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന 12 ധീര രക്തസാക്ഷികൾ കേരളാ അഗ്നിരക്ഷാ സേനയിലുണ്ട്. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ധീര രക്തസാക്ഷികൾ ഓരോരുത്തരും നമ്മോട് പറയുന്നുണ്ട്.

When you go home, tell them of us. For their tomorrow, we gave up our today"