police

തിരുവനന്തപുരം: അഭ്യാസ പ്രകടനത്തിന് ബൈക്ക് റൈഡറുടെ ലൈസന്‍സ് റദ്ദാക്കിയ കലാപരിപാടിക്ക് പിന്നാലെ യുവാക്കളെ ട്രോളി പൊലീസ് വീണ്ടും രംഗത്ത്. ഹെല്‍മറ്റോ, മാസ്‌കോ ഇല്ലാതെ ട്രിപ്പിള്‍ അടിച്ച യുവാക്കളാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് ഇത്തവണ ലഭിച്ച ഇരകൾ.

പൊലീസ് ജീപ്പ് എതി‌‌ർ ദിശയിൽ നിന്നും വരുന്നത് കണ്ട് നിര്‍ത്തിയ ബൈക്കില്‍ നിന്നും ഇറങ്ങി ഒരാള്‍ ഓടി മാറുന്നു, മറ്റൊരാൾ ബൈക്കുമായി തിരികെ പോകുന്നു, മൂന്നമത്തെയാള്‍ ഒന്നും അറിയാത്തപോലെ ബൈക്കില്‍ നിന്നും ഇറങ്ങി കൈയില്‍ സുക്ഷിച്ചിയിരുന്ന മാസ്‌കും വച്ച് റോഡിന് വശത്തിലൂടെ സാവധാനം നടന്നു പോകുന്നു. ഇയാളെ ജീപ്പിലെത്തിയ പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുന്ന വീഡിയോയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ' തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലക്കെട്ടില്‍ പങ്കു വച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കിടെ ആയിരക്കണക്കിന് പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഒന്നും അറിയാതെ നടന്നു പോകുന്ന വീഡിയോയിലെ യുവാവിനെ കളിയാക്കുകയാണ് കമന്റുകളില്‍ നല്ലൊരു ശതമാനവും.

കഴിഞ്ഞ ദിവസം ഒരു ടിപ്പറിനെ വേഗത്തില്‍ ബൈക്ക് യാത്രികന്‍ ഓവര്‍ടേക്ക് ചെയ്ത് കുറുകെ വരുന്ന കാറിന്റെ വലതുവശത്തേക്ക് ബൈക്ക് വെട്ടിച്ചുപോകുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിയിരുന്നു. ബൈക്ക് റൈഡറുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടാണ് കേരള പൊലീസ് വീഡിയോക്കുള്ള തങ്ങളുടെ പ്രതികരണം അറിയിച്ചത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനെക്കുറിച്ച് ഒരു ട്രോള്‍ വീഡിയോയായിയാണ് പൊതുജനങ്ങളിലേക്ക് ഈ വിവരം പൊലീസ് അറിയിച്ചത്.