തിരുവനന്തപുരം: 'മേക്കിംഗ് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്' എന്ന പുതിയ വിദേശ ബിസിനസ് വികസന പദ്ധതിയുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പദ്ധതി ലോകത്തെ ഏറ്റവും നൂതനമായ ഇരുചക്ര വാഹന വിപണികളിലേക്ക് ലോകോത്തര ടൂ വീലറുകൾ കയറ്റുമതി ചെയ്യുന്നതിന് കമ്പനിയെ പ്രാപ്തമാക്കും എന്ന് ഹോണ്ട ടൂ വീലർ ഇന്ത്യ അവകാശപ്പെട്ടു. വിവിധ തലങ്ങളിലായുള്ള നൂറിലധികം അസോസിയേറ്റുകളുടെ ശക്തി ഉപയോഗിച്ച് ഹോണ്ട ഇന്ത്യയെ ഇരുചക്ര വാഹന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു.
പുതിയ വിദേശ ബിസിനസ് വികസനം ഗുണനിലവാരം, വാങ്ങൽ, വികസനം, ഉത്പാദനം, ലോജിസ്റ്റിക്‌സ് എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് ഹോണ്ട ടൂ വീലർ ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി, വിൽപ്പന പ്രവർത്തനങ്ങളെ പുതിയ തലത്തിൽ എത്തിക്കുമെന്ന് കമ്പനി പറയുന്നു. ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ ആഗോള മോട്ടോർസൈക്കിൾ ബിസിനസിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിടുകയാണ്. പ്രധാനപ്പെട്ട പുനഃസംഘടനയിലൂടെ കമ്പനി ബിസിനസ് കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ അത്സുഷി ഒഗാട്ട പറഞ്ഞു.
ഡെബ്യൂട്ട് മോഡലായ അക്ടീവയിലൂടെ 2001ലാണ് ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. 15 വർഷങ്ങൾക്കിപ്പുറം 2015 ൽ ഹോണ്ടയുടെ മൊത്തം കയറ്റുമതി പത്തുലക്ഷം കടന്നിരുന്നു. ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ നിലവിൽ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാൻ, സാർക്ക് രാജ്യങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന 35 വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം, കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ 19 ടൂ വീലർ മോഡലുകളും യൂറോ5 നിബന്ധനകൾ ഉൾപ്പെടെ കർശന ചട്ടങ്ങൾ പാലിക്കുന്നുണ്ട്.