കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. കേന്ദ്രസേനകൾക്കെതിരെ ഘരാവോ നടത്താൻ വോട്ടർമാരെ മമത പ്രേരിപ്പിച്ചുവെന്നും ഇത് വെടിവയ്പ്പിൽ കലാശിക്കുകയും നാലുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തെന്നാരോപിച്ചാണ് എഫ്.ഐ.ആർ. കൂച്ച് ബിഹാറിലെ ബി.ജെ.പി നോതാവ് സിദ്ദീഖ് അലി മിയ, മമതയുടെ പ്രസംഗം ഉയർത്തിക്കാട്ടി ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ബനേർസ്വറിൽ മമത നടത്തിയ പ്രസംഗം സി.ഐ.എസ്.എഫിനെ ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മമതയുടെ പ്രസംഗം കേട്ട് പ്രകോപിതരായ ജനങ്ങൾ സേനയുടെ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മമതക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് മിയ പരാതി നൽകിയ ശേഷം പ്രതികരിച്ചിരുന്നു. അതേസമയം, കൂച്ച് ബിഹാർ കേസ് സി.ഐ.ഡി ഏറ്റെടുത്തു.