fb

ഇസ്ളാമാബാദ്: ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങൾക്കും വാട്സാപ്പ് ഉൾപ്പെടെയുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകൾക്കും താത്കാലിക വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ.

ട്വിറ്റർ, ഫേസ്ബുക്, വാട്‌സാപ്പ്, യൂട്യൂബ്, ടെലഗ്രാം എന്നിവ ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നുമണിവരെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റിക്കയച്ച ഔദ്യോഗിക കത്തിലൂടെയായിരുന്നു നീക്കം.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഫ്രഞ്ച് വിരുദ്ധ കലാപം അക്രമാസക്തമായതിനു പിന്നാലെയാണ് നടപടി. ഫ്രഞ്ച് പൗരന്മാരോടും കമ്പനികളോടും തത്കാലത്തേക്ക് രാജ്യത്തുനിന്ന് മാറിനിൽക്കാൻ പാക്കിസ്ഥാനിലെ ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടിരുന്നു. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച മാസികയ്ക്ക് അനുകൂലമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിലപാടെടുത്തത് മുതൽ പാകിസ്ഥാനിൽ ഫ്രഞ്ച് വിരുദ്ധ വികാരം ശക്തമായിരിക്കയാണ്.

വിഘടനവാദികളുടെ നേതൃത്വത്തിൽ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി റാലികൾ നടന്നിരുന്നു. ഇതിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ റാലികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതും ആളുകളെ കൂട്ടിച്ചേർക്കുന്നതും സമൂഹമാദ്ധ്യമങ്ങളിലൂടെയാണ്. ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട തെഹ്‌രിക്​​ ഇ ലബായിക് പാക്കിസ്ഥാൻ പാർട്ടി നേതാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റാലി നടത്തിയിരുന്നു. തുടർന്ന് സർക്കാർ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്റർനെ‌റ്റ്, മൊബൈൽ സർവീസുകൾ വിലക്കിയിരുന്നു. ഇന്നലെ ടി.എൽ.പി പാർട്ടിയെ വിലക്കി സർക്കാർ ഉത്തരവിറക്കി. ഇതിനെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് സർക്കാർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ വിലക്കിയത് എന്നാണ് സൂചന.