ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയ്ക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. ഡോക്‌ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകാതെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റും. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം യെദ്യുരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മുൻപ് 2020 ഓഗസ്‌റ്റ് 2നും അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഔദ്യോഗിക വസതിയിൽ ആരോഗ്യമന്ത്രി കെ.സുധാകറും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കൊവിഡ് സ്ഥിതിഗതി വിലയിരുത്തുന്ന യോഗത്തിന് ശേഷമാണ് യെദ്യുരപ്പയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കം വന്നവർ ക്വാറന്റൈനിൽ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 14,378 കേസുകളാണ് കഴിഞ്ഞ ദിവസം കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്. 66 പേർ മരണമടഞ്ഞു.