india-pak

വാഷിംഗ്ടൺ: പാകിസ്ഥാനിൽ നിന്നുള്ള ചെറിയ പ്രകോപനങ്ങൾപോലും ഇന്ത്യ സഹിക്കില്ലെന്നും,​ സൈന്യത്തെ ഉപയോഗിച്ച് ശക്തമായി പ്രതികരിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകി അമേരിക്കയുടെ വാർഷിക രഹസ്യാന്വേഷണ റിപ്പോർട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയിൽ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുൽവാമ ഭീകരാക്രമണം പോലുള്ള സംഭവങ്ങൾക്ക് ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉദാഹരിച്ചുള്ളതാണ് റിപ്പോർട്ട്.

അതിർത്തി കടന്നെത്തുന്ന ഭീകരരെ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പാകിസ്ഥാൻ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോൾ ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി എന്നിവിടങ്ങളിൽ വിഷയം ഉയർത്തിക്കൊണ്ടുവന്ന് പാകിസ്ഥാന്റെ തനിനിറം ലോകത്തിന് കാട്ടിക്കൊടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. മോദി അധികാരത്തിലെത്തിയശേഷമാണ് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ആക്കം കൂടിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ലോകത്തിന് ക‌ടുത്ത ആശങ്ക ഉണ്ടാക്കുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് സാദ്ധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിർത്തിയിലെ പിരിമുറുക്കങ്ങൾ ഉയർന്നനിലയിലാണെന്നാണ് പ്രധാന പരാമർശം. 'ഇന്ത്യ- ചൈന അതിർത്തിയിലെ പിരിമുറുക്കം ഉയർന്ന നിലയിലാണ്. ഗൽവാൻ സംഭവത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതോടെയാണ് ബന്ധം കൂടുതൽ വഷളായത്. ഇന്ത്യ-ചൈന ബന്ധങ്ങളുടെ ഏറ്റവും മോശം വർഷമായിരുന്നു 2020'- റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിലെ ചൈനീസ് അധിനിവേശം ഏറ്റവും ഗുരുതരമായ അവസ്ഥയിലായതാണ് 1975ന് ശേഷമുള്ള ആദ്യത്തെ മാരകമായ അതിർത്തി സംഘർഷത്തിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഗൽവാനിലേത് പോലുളള സംഘർഷങ്ങൾ ഇനിയും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമുണ്ട്.