vijayarakhavan-nss

തിരുവനന്തപുരം: പാർട്ടി മുഖപത്രത്തിൽ താനെഴുതിയ ലേഖനത്തെ വിമർശിച്ച എൻ.എസ്.എസ് നടപടിയിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തന്നെക്കുറിച്ച് പറയാൻ എൻ.എസ്.എസിന് അവകാശമുണ്ട്. സി.പി.എം നിലപാടാണ് പാർട്ടി മുഖപത്രത്തിൽ എഴുതിയത്. എൻ.എസ്.എസ് പറയുന്ന എല്ലാത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിജയരാഘവന്റെ ലേഖനത്തെ വിമർശിച്ച് എൻ.എസ്.എസ് നേരത്തെ രംഗത്തെത്തിയിരുന്നു. ലേഖനം മറുപടി അർഹിക്കുന്നില്ല. വളഞ്ഞ വഴിയിലൂടെ ഉള്ള ഉപദേശം എൻ.എസ്.എസിനോട് വേണ്ടെന്നും സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.

പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്. വിഷയത്തിന് മതസാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. കേരള ചരിത്രം പഠിക്കാത്തത് കൊണ്ടാണ് എൻ.എസ്.എസിനെ ലേഖകൻ വിമർശിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിൽ എൻ.എസ്.എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുക എന്ന് വിജയരാഘവൻ ലേഖനത്തിൽ എഴുതിയിരുന്നു. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്ന് അന്നേ ഞങ്ങൾ വ്യക്തമാക്കിയതാണെന്നും വിജയരാഘവൻ പറയുന്നു.